24 September Tuesday

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ 
ലീഗ്‌ നിലപാട്‌ അപഹാസ്യം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
മലപ്പുറം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശിപാർശയിൽ അഭിപ്രയം പറയാത്ത മുസ്ലിംലീഗ്‌ നിലപാട്‌ അപഹാസ്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിർണായക നീക്കത്തിൽ ലീഗ്‌ പുലർത്തുന്ന മൗനം അപകടകരമാണ്‌.  
ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്‌ നടപ്പാക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്രം നിയമിച്ച രാംനാഥ്‌ കോവിന്ദ്‌ സമിതി 2029–-ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശിപാർശ നൽകിയത്‌. സിപിഐ എം, സിപിഐ, കോൺഗ്രസ്‌ തുടങ്ങി 15 പ്രതിപക്ഷ പാർടികൾ സമിതിക്കുമുന്നിൽ വിയോജിപ്പ്‌ അറിയിച്ചു. എന്നിട്ടും ലീഗ്‌ മൗനംപാലിച്ചത്‌ ദുരൂഹമാണ്‌. രാജ്യത്ത്‌ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ പാർലമെന്റിനകത്തും പുറത്തും ശബ്ദിക്കാൻ ലീഗ്‌ തയ്യാറായിട്ടില്ല. 
മുത്തലാഖ്‌ ഭേദഗതി നിയമത്തിലും പൗരത്വ ഭേദഗതി വിഷയത്തിലും നാമിത്‌ കണ്ടതാണ്‌. ബിജെപിയുടെ വർഗീയനയങ്ങളോട്‌ മൗനംപാലിക്കുന്ന നിലപാടാണ്‌ അവർ ഈ കാര്യങ്ങളിൽ സ്വീകരിച്ചത്‌. 
രാംനാഥ്‌ കമ്മിറ്റി സമയം കൊടുത്തില്ലെന്നും വിളിച്ചില്ലെന്നുമാണ്‌ ലീഗ്‌ നേതൃത്വം മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഇത്‌ അങ്ങേയറ്റം അപഹാസ്യമാണ്‌.
 രാജ്യത്തെ എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും അഭിപ്രായം പറയാൻ അവസരമുണ്ടായിട്ടും ലീഗിനുമാത്രം സമയം കിട്ടിയില്ലെന്നുപറയുന്നത്‌ കാപട്യമാണ്‌. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി നിലപാടിന്‌ കുഴലൂതുന്ന സ്ഥിതിയാണ്‌ ലീഗിന്റേത്‌. ജനാധിപത്യ മതനിരപേക്ഷ സമൂഹം ഈ കാപട്യം തിരിച്ചറിയുമെന്നും ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top