അടുത്ത മാസംമുതല്‍ ജില്ലയില്‍ 16 തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍കൂടി
മലപ്പുറം
വിദ്യാർഥികൾക്ക് അഭിരുചിയനുസരിച്ച് തൊഴിൽ സാധ്യതയൊരുക്കാൻ സ്‌കൂളുകളിൽ ‘തൊഴിൽ നൈപുണി കേന്ദ്രങ്ങൾ’ ഒരുങ്ങുന്നു. ജില്ലയിലെ തെരഞ്ഞെടുത്ത 16 സ്‌കൂളുകളിൽ ഒക്ടോബറിൽ തൊഴിൽ നൈപുണി കേന്ദ്രങ്ങൾ (സ്‌കിൽ ഡെവലപ്മെന്റ് സെന്റർ) ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 15 ഹയർ സെക്കൻഡറി സ്‌കൂളുകളും രണ്ട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണ് പദ്ധതി ഭാഗമാകുന്നത്.
പൈലറ്റ് പ്രൊജക്‌ട് അരിമ്പ്ര ജിവിഎച്ച്എസ്എസിൽ ഫെബ്രുവരിയിൽ തുടങ്ങി. ഓരോ സെന്ററുകളിലും വ്യത്യസ്‌ത മേഖലകളിൽനിന്നുള്ള രണ്ട് ജോബ് റോളുകളുടെ ഓരോ ബാച്ചുണ്ടാകും. ഒരു ബാച്ചിൽ 25 കുട്ടികളാണ്. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം രൂപയാണ് സമഗ്ര ശിക്ഷാ കേരളം വിനിയോഗിക്കുന്നത്.
പ്രവർത്തനവുമായി ബന്ധപ്പെട്ട ജില്ലാതല യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നസീബ അസീസ്, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. പി എം അനിൽ, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം ഡി മഹേഷ്, നൈപുണി കേന്ദ്രം സോണൽ കോ-–-ഓർഡിനേറ്റർ ദിലിൻ സത്യനാഥ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പ്രവീൺ പി പള്ളത്ത്, ജില്ലാ വികസന കമീഷണർ പ്രതിനിധി ബി കിരൺ എന്നിവർ പങ്കെടുത്തു.
ആർക്കെല്ലാം
പങ്കെടുക്കാം
എച്ച്എസ്എസ്/വിഎച്ച്എസ്ഇ വിദ്യാർഥികൾ, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്‌കോൾ കേരളയിൽ രജിസ്റ്റർ ചെയ്‌ത് ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്നശേഷി കുട്ടികൾ, ബിരുദപഠനം നടത്തുന്നവർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ എന്നിവർക്ക് അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..