03 December Tuesday

നഴ്‌സിങ് കോളേജിന്‌ തടയിട്ട്‌ ജില്ലാ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

 മലപ്പുറം 

സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിൽ ജില്ലയിൽ ആരംഭിക്കുന്ന നഴ്‌സിങ് കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ തടയിട്ട്‌ ജില്ലാ പഞ്ചായത്ത്‌. താനൂർ  മണ്ഡലത്തിൽ ആരംഭിക്കുന്ന നഴ്‌സിങ് കോളേജിന്റെ പ്രവർത്തനങ്ങളാണ്‌ ജില്ലാ പഞ്ചായത്തിന്റെ അനാവശ്യ നടപടിയിൽ നിശ്ചലമാവുന്നത്‌.
നഴ്‌സിങ് കോളേജ്‌ ആരംഭിക്കാൻ  ചെറിയമുണ്ടം ഗവ. ഹൈസ്‌കൂളിലെ ഒഴിഞ്ഞ കെട്ടിടം താൽക്കാലികമായി വിട്ടുനൽകാൻ സർക്കാർ ഉത്തരവായിട്ടുണ്ട്‌.  പ്രവേശന സൗകര്യവും അഞ്ചുമുറികളുമുള്ള കെട്ടിടം സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ വിട്ടുനൽകണമെന്നാണ്‌ സർക്കാർ ഉത്തരവ്‌. കെട്ടിടം മുമ്പ്‌ സാക്ഷരതാമിഷനും ഉപയോഗിച്ചിരുന്നു. 
എന്നാൽ കെട്ടിടത്തിന്റെയും ക്ലാസ്‌മുറികളുടെയും അറ്റകുറ്റപ്പണികളും നവീകരണവുമായി ബന്ധപ്പെട്ട  പ്രവൃത്തിയുടെ ആസ്തി രജിസ്റ്ററിന്റെ പകർപ്പും മറ്റ്‌ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രസ്‌തുത പ്രവൃത്തികൾ നടപ്പാക്കിയിട്ടില്ലെന്ന സാക്ഷ്യപത്രവും നൽകാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി തയ്യാറായിട്ടില്ല. ശനിയാഴ്‌ച നടന്ന ജില്ലാ പഞ്ചായത്ത്‌ യോഗത്തിൽ 13ാം അജന്‍ഡയായി വിഷയം പരിഗണിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്‌ മാറ്റിവയ്‌ക്കുകയായിരുന്നു. 
ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്‌ കരുത്തേകുന്ന പദ്ധതി നടപ്പാക്കാൻ   തീരുമാനമെടുക്കണമെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി തയ്യാറായില്ല. ഡിഡിഇ, മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി മറ്റൊരു യോഗം ചേർന്ന്‌ തീരുമാനിക്കാം എന്ന നിലപാടിലാണ്‌ ഭരണസമിതി. ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന്‌ തടയിടുന്ന ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയുടെ നടപടിയിൽ എൽഡിഎഫ്‌ അംഗങ്ങളായ ഇ അഫ്‌സൽ, ആരിഫ നാസർ, എ കെ സുബൈർ എന്നിവർ വിയോജിപ്പ്‌ രേഖപ്പെടുത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top