ആനക്കയം
ഇവിടെ ഒരുകൂട്ടം മഞ്ഞമേഘങ്ങളുണ്ട്. പ്രത്യാശയുടെ ചിരിമഴ പൊഴിക്കുന്നവർ. ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് ചിറകായി മാറിയവർ. അതാണ് ആനക്കയം പാണായിയിലെ കുടുംബശ്രീ സംരംഭമായ "യെല്ലോ ക്ലൗഡ്' തലയണ നിർമാണ യൂണിറ്റ്. ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പെരിമ്പലം സ്വദേശി ലൈലാബിയാണ് തലയണ നിർമാണ യൂണിറ്റ് ആരംഭിച്ചത്. 2018ൽ "സ്നേഹിത' ഡേ കെയറിലൂടെയാണ് തുടക്കം. ഭിന്നശേഷിക്കാരിയായ മകൾക്കൊപ്പം മറ്റ് കുട്ടികളെയും പരിചരിക്കാൻ സന്നദ്ധമായാണ് ഡേ കെയർ ആരംഭിച്ചത്. അന്ന് എട്ട് കുട്ടികളാണുണ്ടായിരുന്നത്. ഇന്ന് 18 മുതൽ 51 വയസുവരെയുള്ള 35 ഭിന്നശേഷിക്കാർക്ക് ആശ്രയമാണ് "സ്നേഹിത'.
ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും തൊഴിൽ സൗകര്യമുറപ്പാക്കി വരുമാനം ലഭ്യമാക്കുകയായിരുന്നു അടുത്ത ലക്ഷ്യം. അങ്ങനെ കരകൗശല നിർമാണത്തിലേക്ക് കടന്നു. ജില്ലാ പഞ്ചായത്ത് എംബ്രോയിഡറി വർക്കിൽ പരിശീലനം നൽകിയപ്പോൾ സ്നേഹിതയും ഒരുകൈ നോക്കി. സംരംഭം സിഡിഎസിൽ രജിസ്റ്റർചെയ്തു. എന്നാൽ, സൂചിയും നൂലും കൈകാര്യംചെയ്യാൻ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായതിനാൽ പേപ്പർ പേന നിർമിക്കാൻ തീരുമാനിച്ചു. സ്കൂളുകളിലും കോളേജുകളിലും എത്തിച്ചായിരുന്നു വിൽപ്പന. കോവിഡ് കാലത്ത് വിൽപ്പന മുടങ്ങി. തുടർച്ചയായ പ്രതിസന്ധികളിൽ തളരാതെയാണ് 2021 ജൂണിൽ തലയണ നിർമാണ യൂണിറ്റ് ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് മൂന്നുലക്ഷം സഹായംനൽകി. പ്രത്യാശ ഫണ്ടും വ്യവസായ വകുപ്പിൽനിന്ന് സബ്സിഡി നിരക്കിൽ വായ്പയും ലഭിച്ചു. സംസ്ഥാന ഭിന്നശേഷി കോർപറേഷൻ തിരിച്ചടയ്ക്കേണ്ടതില്ലാത്ത 20,000 രൂപയും നൽകി. ഒരുദിവസം 250 തലയണകൾ ഇവിടെ നിർമിക്കുന്നു. കിടക്ക കമ്പനികളുടെ ഓർഡറുകളും ലഭിക്കുന്നു. പതിയെ കിടക്ക നിർമാണത്തിലേക്കും കടക്കും. പ്രായമായ ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കുമായി ഡിസംബറോടെ ഷെൽട്ടർഹോം തുടങ്ങാനും പദ്ധതിയുണ്ടെന്ന് ലൈലാബി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..