22 November Friday

കാടാമ്പുഴ ക്ഷേത്രത്തിൽ ക്യൂ കോംപ്ലക്‌സ്‌ വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ നിർമിക്കുന്ന ക്യൂ കോംപ്ലക്സിന്റെ മാതൃക

മലപ്പുറം
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഇനി മുട്ടറുക്കൽ വഴിപാടിന്‌ വരിനിന്ന്‌ ബുദ്ധിമുട്ടേണ്ട. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില ക്യൂ കോംപ്ലക്‌സാണ് ഇവിടെ ഒരുങ്ങുന്നത്.  ദേവസ്വത്തിന്റെ 8.75 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽപ്പെടുത്തിയാണ് നിർമാണം. 
പുതിയ സംവിധാനത്തിൽ ടോക്കൺ അനുസരിച്ചാകും വഴിപാട്‌. സ്ലോട്ട് മോണിറ്ററിൽ നമ്പർ അനുസരിച്ച്‌ വിശ്വാസികൾ ശ്രീകോവിലിനടുത്തേക്ക് എത്തിയാൽ മതി.  മുട്ടറുക്കാനുള്ള നാളികേരവും കൗണ്ടറിൽനിന്ന്  വാങ്ങാം. 
കാടാമ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്‌ മുട്ടറുക്കൽ. ദിവസവും ആയിരക്കണക്കിന് പേരാണ്‌ വഴിപാടിനായി എത്താറുള്ളത്‌. അവധിദിവസങ്ങളിലും വിശേഷാവസരങ്ങളിലും നാളികേര കിറ്റുകളും തൂക്കി നാലോ അഞ്ചോ മണിക്കൂർ വരിനിന്നാണ്‌ പ്രായമായവർ ഉൾപ്പെടെ  വഴിപാട്‌ നടത്തുന്നത്‌. 
നാലുനിലകളിലുള്ള ക്യൂ കോംപ്ലക്‌സിന്റെ താഴത്തെനില ക്ഷേത്രാവശ്യത്തിനുള്ള സ്റ്റോറാണ്. ഒന്നും രണ്ടും നിലകളിലായി ആയിരം പേർക്കിരിക്കാവുന്ന ശീതീകരിച്ച വിശ്രമകേന്ദ്രം, ശൗചാലയം, കുടിവെള്ളം, കഫ്റ്റീരിയ, ലിഫ്റ്റ്,   റാമ്പ്‌  സൗകര്യങ്ങളുണ്ടാകും. പദ്ധതിക്ക്‌ മലബാർ ദേവസ്വം ബോർഡിന്റെ അംഗീകാരവും ലഭിച്ചു. ക്യൂ കോംപ്ലക്‌സ് പദ്ധതിയുടെ പ്രഖ്യാപനം  ഡിസംബർ ഏഴിന് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായുള്ള  സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ നടത്തും.
മൊത്തം 13 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ടി  ബിനേഷ്‌കുമാർ പറഞ്ഞു. നാലമ്പലത്തിനുചുറ്റും ദേവസ്വം റോഡിലും നടപ്പുര നിർമിക്കൽ, തുലാഭാര മണ്ഡപം, തെക്കും പടിഞ്ഞാറും കവാട ഗോപുരങ്ങൾ എന്നിവ വരും. ഒരുവിശ്വാസി ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ചുനൽകുന്ന അലങ്കാര ഗോപുരം തൃക്കാർത്തികക്ക്‌ തുറന്നുകൊടുക്കുമെന്ന്‌ ദേവസ്വം എൻജിനിയർ കെ വിജയകൃഷ്‌ണൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top