പൊന്നാനി
അറബിക്കടലിന്റെ അലയൊലികൾ താളമിടുന്ന പശ്‌ചാത്തലം; എംഇഎസ് കോളേജിന്റെ മുറ്റത്തും ക്ലാസ് മുറികളിലുമായി കലാലയ യൗവനങ്ങൾ ആഘോഷതിമിർപ്പിലാണ്. പ്രളയവും കോവിഡും കടന്ന് കലയുടെ പത്തേമാരികൾ തീർക്കുകയാണ് വിദ്യാർഥികൾ. കലയും സാഹിത്യവും അക്ഷരക്കൂട്ടുകളും വർണചിത്രങ്ങളും ഒരുക്കി പൊന്നാനിക്ക് ഇനി കലയുടെ നാല് രാപകലുകൾ. കലിക്കറ്റ് സർവകലാശാല സി സോൺ കലോത്സവം -‘കലൈമാനി’ക്ക് പൊന്നാനി എംഇഎസ് കോളേജിൽ തുടക്കമായി.
ഒരുപതിറ്റാണ്ടിനുശേഷമാണ് പൊന്നാനി കലാലയ കലോത്സവത്തിന് വേദിയാകുന്നത്. ഇ കെ ഇമ്പിച്ചിബാവ എന്ന ജനകീയ നേതാവിന്റെ ശ്രമത്താൽ പിറവിയെടുത്ത എംഇഎസ് കോളേജുതന്നെയാണ് മത്സരത്തിന് വേദിയാകുന്നത് എന്നതും പ്രത്യേകതയാണ്. കോളേജ് കവാടം കടന്നുവരുന്നവർക്ക് ആദ്യം കാണാനാവുക പൊന്നാനിയുടെ അക്ഷരപ്പെരുമ മലയാള സാംസ്കാരിക ഭൂമികയിൽ എഴുതിച്ചേർത്ത മഹാരഥൻമാരെയാണ്. ഇമ്പിച്ചിബാവയും എഴുത്തച്ഛനും ഇടശ്ശേരിയും ഉറൂബും കടവനാട് കുട്ടികൃഷ്ണനും എം ഗോവിന്ദനും നാലപ്പാട്ടും മാധവിക്കുട്ടിയും ടി കെ പത്മിനിയും കെ സി എസ് പണിക്കരും വള്ളത്തോളും ഉമർ ഖാസിയും മക്തി തങ്ങളും ഉൾപ്പെടെ പൊന്നാനിയുടെ സാംസ്‌കാരിക ഭൂമികയെ കൈപിടിച്ച് നടത്തിയവരുടെയെല്ലാം സ്‌മരണകൾ നിറഞ്ഞുനിൽക്കുന്നുണ്ട് ഇവിടെ. അൽപ്പം മാറി മരച്ചുവട്ടിലെ ഇരിപ്പിടം നിറയെ കൊളാഷുകളാണ്. കലാഭവൻ മണി, നരേന്ദ്രപ്രസാദ്, നെടുമുടി വേണു, മാമുക്കോയ, സുകുമാരി, കെപിഎസി ലളിത തുടങ്ങി മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളാണ് കൊളാഷിൽ. ഫുഡ് സ്റ്റാളും ഹരിത കർമസേനയുടെ ഹരിത സ്റ്റാളും വിപണന സ്റ്റാളുകളും കലോത്സവ നഗരിയിലുണ്ട്.
സ്റ്റേജിതര മത്സരങ്ങളാണ് രണ്ടുദിവസം. കൊളാഷ് ചിത്രകാരൻ മനു കള്ളിക്കാട് ചിത്രംവരച്ച് ഉദ്ഘാടനംചെയ്തു. ആഗ്രഹങ്ങളുടെ മണ്ണിൽനിന്നാണ് സ്വപ്‌നങ്ങളിലേക്ക് വളരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്‌സൺ ടി സ്നേഹ അധ്യക്ഷയായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ എം സജാദ്, എൻ ആദിൽ, യുണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സോന ശിവദാസ് എന്നിവർ സംസാരിച്ചു. എംഇഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി യു അമീറ സ്വാഗതം പറഞ്ഞു. 89 കോളേജുകളിൽനിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
കലൈമാനിയുടെ ഔപചാരിക ഉദ്‌ഘാടനം ബുധനാഴ്‌ച വൈകിട്ട് നാലിന് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും. ചലച്ചിത്രതാരം മണികണ്ഠൻ ആർ ആചാരി മുഖ്യാതിഥിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..