21 November Thursday

കലിക്കറ്റ്‌ 
@56

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

തേഞ്ഞിപ്പലം 

കലിക്കറ്റ് സർവകലാശാലക്ക് ചൊവ്വാഴ്ച 56–-ാം പിറന്നാൾ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും സി എച്ച് മുഹമ്മദ് കോയയുടെയും ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ സർവകലാശാല ഇന്ന് ഒട്ടേറെ നേട്ടങ്ങളുമായി തലയുയർത്തിനിൽക്കുന്നു. 
കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയായി 1968ലാണ് സ്ഥാപിതമായത്.  കേരള സർവകലാശാലയെ വിഭജിച്ചാണ്‌ കലിക്കറ്റ് രൂപീകരിച്ചത്. കലിക്കറ്റിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ നാല് ബിരുദാനന്തര ബിരുദവകുപ്പുകളും ഏഴ് വടക്കൻ ജില്ലകളിലായുള്ള 54 അനുബന്ധ കോളേജുകളും കലിക്കറ്റ് സർവകലാശാലയുമായി കൂട്ടിച്ചേർത്തു. 
‘നിർമ്മായ കർമണാ ശ്രീ' എന്ന മുദ്രാവാക്യം ഉയർത്തി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കം അഫിലിയേറ്റ് സർവകലാശാലയായി ഉയർന്നുവരാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിരിക്കുന്നു. 
ഇടതുപക്ഷ സർക്കാരുകളുടെ പിന്തുണയോടെ ഇടതുപക്ഷ സിൻഡിക്കറ്റുകൾ നടപ്പാക്കിയ പദ്ധതികൾ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളിലൂടെ കുതിക്കാൻ പ്രാപ്തമാക്കി. അഞ്ച് ജില്ലകളിലായി കലിക്കറ്റിനുകീഴിൽ 420 കോളേജുകൾ ഇന്നുണ്ട്. 
തേഞ്ഞിപ്പലം, തൃശൂർ, വയനാട് ചിതലയം സെന്ററുകളിലായി 35 പഠനവിഭാഗങ്ങൾ. പുതിയ ദേശീയപാത വരുന്നതോടെ കലിക്കറ്റിന്റെ മുഖംമാറും. നിലവിലുള്ള പ്രധാന ഗേറ്റ് ചെട്ട്യാർമാടിനടുത്താകും. ഇവിടെനിന്ന്‌ ഭരണ വിഭാഗത്തിനുമുന്നിലേക്ക്‌ റോഡ് നിർമിച്ചുകഴിഞ്ഞു. 
സർവകലാശാലയുടെ സ്ഥാപക ശിലാഫലകം ഉൾക്കൊള്ളുന്ന കാടുപിടിച്ചുകിടന്ന പ്രദേശം ത്രിഗുണൻസെൻ അറീന എന്ന പേരിൽ മോടിപിടിപ്പിച്ച് സുന്ദരമാക്കിക്കഴിഞ്ഞു. 
ആദ്യ വൈസ് ചാൻസലറായ പ്രൊഫ. എം എം ഗനിയുടെ നാമധേയത്തിൽ ഏറ്റവും നല്ല കോളേജ് അധ്യാപകർക്ക് നൽകുന്ന അവാർഡ് വിതരണം ഉൾപ്പെടെയുള്ള ചടങ്ങുകളാണ് പിറന്നാൾ ദിനത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിപാ നിയന്ത്രണമുള്ളതിനാൽ  മാറ്റിവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top