തിരൂർ
ജില്ലയിലെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ തിരൂരിൽ യാഥാർഥ്യമാകുന്നു. സംസ്ഥാന സർക്കാരും കെഎസ്ഇബിയും നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 മിഷൻ ഭാഗമായി രണ്ടുഘട്ടങ്ങളായി തിരൂർ വെങ്ങാലൂരിലാണ് സബ്സ്റ്റേഷന്‍ നിര്‍മിക്കുന്നത്. 220 കെവി, 110 കെവി സബ്സ്റ്റേഷനുകളാണ് നിര്‍മിക്കുക. തിരൂർ, തവനൂർ, പൊന്നാനി, കോട്ടക്കൽ, താനൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി. 42 കിലോമീറ്റർ 11 കെവി ലൈനുള്‍പ്പെടെയുള്ള 204 കോടി രൂപയാണ് ചെലവിലാണ് നിര്‍മാണം.
പവർഗ്രിഡ് കോർപറേഷന്റെ തൃശൂർ എച്ച്‌വിഡിസി സബ്സ്റ്റേഷനിൽനിന്ന് കെഎസ്ഇബിയുടെ കുന്നംകുളം 220 കെവി സബ്സ്റ്റേഷൻവഴിയാണ് വെങ്ങാലൂരിലേക്ക് വൈദ്യുതി എത്തിക്കുന്നത്. തിരൂരിലും പരിസരപ്രദേശങ്ങളിലും മുഴുവൻസമയവും തടസരഹിത വൈദ്യുതി ലഭ്യമാക്കാൻ പദ്ധതി ഉപകരിക്കും. ആദ്യഘട്ടം 110/11 കെവി ട്രാൻസ്ഫോമർ സ്ഥാപിച്ച് തൂവക്കാട്, തിരൂർ ഈസ്റ്റ്, തിരുന്നാവായ എന്നിവിടങ്ങളിൽ ഫീഡറുകളൊരുക്കും. പയ്യനങ്ങാടി, ഉണ്ണിയാൽ, മീനടത്തൂർ, വഞ്ചിനാട്, തലക്കടത്തൂര്‍, മാങ്ങാട്ടിരി, ഈസ്റ്റ് ബസാർ, നിറമരതൂര്‍, താനൂര്‍, സ്വപ്നനഗരി മേഖലകളിലുള്ളവര്‍ക്ക് 2025 ഫെബ്രുവരിയോടെ പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ടാംഘട്ടം 2026 ഡിസംബറില്‍ പൂർത്തിയാകും. ഇതോടെ കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി, തിരൂർ 110 കെവി സബ്സ്റ്റേഷനിലൂടെയുള്ള വൈദ്യുതി വിതരണം സുഗമമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..