കോട്ടക്കൽ
സമൂഹത്തിന് ശരിയായ ദിശാബോധം പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്വമാണ് എഴുത്തുകാർക്കും കലാകാരന്മാർക്കുമുള്ളതെന്ന് സംവിധായകൻ ഷാജി എൻ കരുൺ. കോട്ടക്കൽ പാലക്കീഴ് നഗറിൽ (വ്യാപാരഭവൻ) പുരോഗമന കലാസാഹിത്യസംഘം പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് നൽകേണ്ട സന്ദേശത്തെ കുറിച്ച് സിനിമകൾക്കും നാടകങ്ങൾക്കും കഥകൾക്കുമെല്ലാം വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു. ഒരുപക്ഷേ അവസാന ഒരു സെക്കന്റിലാവും ആ സന്ദേശം വ്യക്തമാവുന്നത്. പക്ഷേ, ഇന്നത് സംഭവിക്കുന്നില്ല. മനുഷ്യന് ടെക്‌നോളജി ഉപയോഗിച്ച് വേഗത്തിൽ കാര്യങ്ങൾ ചെയ്യാനാവും. എന്നാൽ, വ്യക്തതയില്ല. വ്യക്തത എന്നാൽ അർഥങ്ങളാണ്. അർഥങ്ങൾ സൗന്ദര്യത്തിന്റെ ബിംബങ്ങളാണ്. ആ സൗന്ദര്യത്തിന്റെ ബിംബങ്ങൾ ഈ കാലഘട്ടത്തിൽ എത്രയൊക്കെ, എവിടെയൊക്കെ വിട്ടുപോയി എന്ന് നമ്മൾ ആലോചിക്കേണ്ടതുണ്ട്. മനുഷ്യന് പ്രകൃതിയെയും ചുറ്റുപാടിനെയും മറക്കുക എളുപ്പമായിരിക്കുന്നു. മനസ്സിൽ സൂക്ഷിക്കുകയെന്നത് കഠിന പ്രയത്നമായും മാറിയിരിക്കുന്നു.
ആവിഷ്‌കാരങ്ങൾക്ക് നിർമിതബുദ്ധി ഉപയോഗിക്കുന്ന കാലംകൂടിയാണിത്. കാഴ്‌ചയുടെ പുതിയ സംസ്‌കാരത്തിൽ എല്ലാം തകരുകയാണ്. ആ തകർച്ചയുടെ പ്രശ്‌നങ്ങൾ കലാകാരന്മാർ മനസ്സിലാക്കണം. സംസ്‌കാരത്തെക്കുറിച്ച് ബോധ്യപ്പെടുത്തണം. ശാസ്‌ത്രം കൗതുകമുള്ള അറിവാണെന്നും ലോകം ഒരുമിച്ച് സഞ്ചരിക്കുമ്പോൾ സമൂഹത്തിനും ജീവിതത്തിനും കലയ്ക്കും നിറവും ഭംഗിയും കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..