കോട്ടക്കൽ
യുദ്ധമെന്ന പേരിൽ നടക്കുന്ന സമാനതകളില്ലാത്ത കൂട്ടക്കൊലകൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ വ്യാപാരഭവൻ പാലക്കീഴ് നഗറിൽ നടന്ന രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്‌ച സമാപിച്ചു. പ്രതിനിധി സമ്മേളനം സംവിധായകൻ ഷാജി എൻ കരുൺ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് അജിത്രി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. രാജേഷ് പുതുക്കാട് രക്തസാക്ഷി പ്രമേയവും മണമ്പൂർ രാജൻബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി കബീർ സ്വാഗതം പറഞ്ഞു. തുടർന്ന് ആദ്യകാല പ്രവർത്തകരെ ആദരിച്ചു. ബാലസാഹിത്യ-–- സാംസ്കാരിക പ്രവർത്തകൻ സി വാസുദേവൻ, കഥകളി സംഗീജ്ഞൻ കോട്ടക്കൽ നാരായണൻ, കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി എന്നിവരെ ഷാജി എൻ കരുൺ ആദരിച്ചു. അജിത്രിയുടെ പുസ്‌തകം ‘നോവൽ കവിതാ പഠനങ്ങൾ’ പ്രൊഫ. എം എം നാരായണൻ പ്രകാശിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി ആർ അജയൻ, ഡോ. കെ കെ സുലേഖ, ബഷീർ ചുങ്കത്തറ എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ പി മോഹനൻ സംഘടനാരേഖയും ജില്ലാ സെക്രട്ടറി വേണു പാലൂർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സാജി സോമനാഥ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ 17 പേർ പങ്കെടുത്തു. അജിത്രിയുടെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. അസീസ് തുവ്വൂരിന്റെ ചുമതലയിൽ പ്രമേയകമ്മിറ്റിയും പ്രവർത്തിച്ചു. സമ്മേളനം 61 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഉണ്ണി ആമപ്പാറക്കൽ പ്രസിഡന്റ്,
അസീസ് തുവ്വൂർ സെക്രട്ടറി
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റായി ഉണ്ണി ആമപ്പാറക്കലിനെയും സെക്രട്ടറിയായി അസീസ് തുവ്വൂരിനെയും സമ്മേളനം തെരഞ്ഞെടുത്തു. ട്രഷറർ: സാജി സോമനാഥ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..