23 November Saturday

കാഴ്‌ച പകർത്താൻ വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
മലപ്പുറം
പരാതികളും പരിഭവങ്ങളുമില്ലാതെ കലോത്സവം കളറാക്കാനും കാഴചകൾ കാമറക്കണ്ണിൽ പകർത്താനും ലിറ്റിൽ കൈറ്റ്‌സ്‌ വിദ്യാർഥികൾ ഒരുങ്ങി. 35ാമത്‌ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഡിജിറ്റൽ ഡോക്യുമെന്റേഷനിൽ ലിറ്റിൽ കൈറ്റ്‌സ്‌ അംഗങ്ങളായ 120 വിദ്യാർഥികൾ പങ്കാളികളാവും. മലപ്പുറം ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നാണ്‌ വിദ്യാർഥികളെ തെരഞ്ഞെടുത്തത്‌.എല്ലാ വേദിയിലും നടക്കുന്ന മത്സരങ്ങളുടെ ലൈവ്‌ റെക്കോഡ്‌ ചെയ്യും. അപ്പീലുകളിൽ പരിശോധന ഇവർ റെക്കോഡ്‌ ചെയ്യുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ്‌. സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാകുന്ന വിദ്യാർഥികൾക്ക്‌ കൈറ്റിന്റെയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്‌. 
ഒരുവേദിയിൽ രണ്ട്‌ കാമറകളാണ്‌ സജ്ജമാക്കുക. നാല്‌ വിദ്യാർഥികൾക്ക്‌ ചുമതല നൽകും. ഓരോവേദിയിലും ഒരോ വിദ്യാലയത്തിലെയും ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും മിസ്ട്രസുമാരും കുട്ടികൾക്ക് പിന്തുണ നൽകും. കൈറ്റ്‌ ടെക്‌നിക്കൽ  ടീം സേവനവും ലഭ്യമാക്കും. ഓരോമത്സരയിനം കഴിയുമ്പോഴും റെക്കോഡ്‌ ചെയ്‌ത ദൃശ്യങ്ങൾ പ്രത്യേക ഡ്രൈവിൽ സൂക്ഷിക്കും. 
റെക്കോഡിങ്ങിന്‌ ആവശ്യമായ ഡിഎസ്‌എൽആർ കാമറ, ട്രൈപോഡ്‌, മെമ്മറി കാർഡ്‌, ബാറ്ററി തുടങ്ങിയവ ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നാണ്‌  ശേഖരിക്കുക. പി കെ കുട്ടിഹസൻ, എസ്‌ ലാൽ (ഓഫീസ്‌) എന്നിവർക്കാണ്‌ ചുമതല. വൈകിട്ട്‌ അഞ്ചുവരെയാണ്‌ വിദ്യാർഥികൾക്ക്‌ ചുമതല. പിന്നീട്‌ ബന്ധപ്പെട്ട അധ്യാപകർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വെള്ളിയാഴ്‌ചമുതൽ സ്‌കൂളുകളിൽനിന്ന്‌ കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ശേഖരിക്കുമെന്ന്‌ കൈറ്റ്‌ ജില്ലാ കോ–-ഓർഡിനേറ്റർ ടി കെ അബ്ദുൽ റഷീദ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top