18 October Friday
മാതൃകയായി കുടുംബശ്രീ

ഹോംഷോപ്പിനെ അറിയാൻ ഉത്തരേന്ത്യക്കാർ

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024

എൻആർഒ സംഘാം​ഗങ്ങൾ കുടുംബശ്രീ പ്രവർത്തകരുമായി സംസാരിക്കുന്നു

 
 
മഞ്ചേരി
പ്രാദേശിക ഉല്‍പ്പന്നങ്ങൾ വീടുകളിൽ നേരിട്ട്  എത്തിച്ചുനൽകുന്ന ജില്ലയിലെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ (എൻആർഒ) സംഘം കാവനൂരിലെത്തി. കുടുംബശ്രീ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ദാരിദ്ര്യലഘൂകരണം സാധ്യമാക്കുന്നത്‌ എങ്ങനെയെന്ന്‌ പഠിക്കാനാണ് സംഘം എത്തിയത്. ചൊവ്വാഴ്ച കാവനൂർ കമ്യൂണിറ്റി ഹാളിൽ നടന്ന അരീക്കോട് ബ്ലോക്ക്തല പരിശീലന പരിപാടിയിൽ പങ്കെടുത്ത ഇവർ ജനപ്രതിനിധികളുമായും കുടുംബശ്രീ ഭാരവാഹികളുമായും സംവദിച്ചു. എൻആർഒ ഭാരവാഹികളും ഫീൽഡ് ഉദ്യോഗസ്ഥരുമായ അഹമ്മദാബാദ് സ്വദേശി പലക്, ഹരിയാനയിൽനിന്നുമുള്ള ചവി, മഹാരാഷ്ട്രയിൽനിന്നുള്ള സാവിത്രി എന്നിവരാണ് സംഘത്തിലുള്ളത്. സംഘം നാളെ കോഴിക്കോട് ജില്ലയിലെ കൂടുംബശ്രീയുടെ വിവിധ സംരംഭം, യൂണിറ്റുകൾ, ഹോട്ടലുകൾ, ബഡ്‌സ് സ്‌കൂളുകൾ, ട്രസ്റ്റ് ഷോപ്പുകൾ, എംസിഎഫ് എന്നിവയും സംഘം സന്ദർശിക്കും.
കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ കേന്ദ്രസർക്കാർ രൂപീകരിച്ചതാണ് എൻആർഒ. സ്ത്രീകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുകയാണ് കുടുംബശ്രീ ഹോം ഷോപ്പ്. പ്രാദേശിക ഉല്‍പ്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഉറപ്പാക്കാനാകും. ഇതുവഴി വനിതകൾക്ക് തൊഴിലവസരം ലഭിക്കും. സംസ്ഥാന സർക്കാർ കെ- ലിഫ്റ്റിൽ ഉൾപ്പെടുത്തിയാണ് ഹോം ഷോപ്പ് നടപ്പാക്കുന്നത്. കാവനൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ ഹോംഷോപ്പ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റർ പ്രസാദ് കൈതക്കൽ, സതീശൻ സ്വപ്നക്കൂട്, നിരഞ്ജൻ ബാലകൃഷ്ണൻ, മാജിത, ദിവ്യ, പി ടി സുമയ്യ എന്നിവർ സംസാരിച്ചു. ജന്നത്ത് ബേബി സ്വാഗതവും നസീറ ചീക്കോട് നന്ദിയും പറഞ്ഞു.
 
ഞങ്ങൾ ഹാപ്പിയാണ്‌ 
 
മലപ്പുറം
‘ഡിഗ്രി കഴിഞ്ഞയുടനെ ജോലി നേടണമെന്നും സ്വന്തംവരുമാനം കണ്ടെത്തണമെന്നും ഞങ്ങളുടെ ലക്ഷ്യമായിരുന്നു. അതിലേക്ക്‌ കൈപിടിച്ചത്‌ കുടുംബശ്രീ ഡിഡിയുജികെവൈ പദ്ധതിയാണ്‌. അതും കുറഞ്ഞ സമയത്തിനുള്ളിൽ. ഞങ്ങൾ ഹാപ്പിയാണ്‌’ –- ഹൃദ്യയും ശ്രവ്യയും സന്തോഷം പങ്കുവച്ചു. 
എടപ്പറ്റ വെള്ളിയാഞ്ചേരി പാങ്ങിൽ മുരളീധരന്റെയും സിന്ധുവിന്റെയും മക്കളും ഇരട്ട സഹോദരങ്ങളുമായ ഹൃദ്യ (22)യും ശ്രവ്യ (22)യുമാണ്‌ കുടുംബശ്രീ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡിഡിയുജികെവൈ മുഖേന പഠനം പൂർത്തിയാക്കി ജോലി നേടിയത്‌. ബികോം പഠനശേഷം തുടർ പഠന–-ജോലിസാധ്യതകൾ അന്വേഷിക്കുമ്പോഴാണ്‌ പഞ്ചായത്തിന്റെ വാട്‌സ്‌അപ്‌ ഗ്രൂപ്പിൽ ഡിഗ്രി കഴിഞ്ഞവർക്കുള്ള ഡിഡിയുജികെവൈ പദ്ധതിയുടെ സൗജന്യ അക്കൗണ്ടിങ് കോഴ്സിന്റെ പരസ്യം കാണുന്നത്. 
തുടർന്ന്‌ ഡിഡിയുജികെവൈ പദ്ധതിയുടെ  കാളികാവ് ബ്ലോക്ക്‌  കോ–-ഓർഡിനേറ്റർ സമീർ മുഖേന കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും കോഴ്‌സിന്‌ ചേരുകയും ചെയ്‌തു. കോഴിക്കോട് നാദാപുരത്ത്‌ പ്രവർത്തിക്കുന്ന മലബാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ അഡ്മിഷൻ എടുക്കുകയും ചെയ്തു. പഠനം തികച്ചും സൗജന്യമായിരുന്നു. 
പുസ്‌തകം, ബാഗ്‌, യൂണിഫോം എന്നിവയെല്ലാം കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥികൾക്ക്‌ ലഭ്യമാക്കും. മൂന്നുമാസമായിരുന്നു കോഴ്‌സ്‌ കാലാവധി. പഠനശേഷം കോഴിക്കോട് എടിഐ സിൽക്‌സിൽ ട്രെയിനിങ്ങും പൂർത്തിയാക്കി. ഇരുവർക്കും നാട്ടിൽതന്നെ അക്കൗണ്ടന്റായി ജോലിയും ലഭിച്ചു. ‘നജ ഫുഡ്‌സ്’ എന്ന സ്ഥാപനത്തിലാണ്‌ ഹൃദ്യ ജോലിചെയ്യുന്നത്‌. ശ്രവ്യ ‘ജിസി ഇലക്ട്രിക് ആൻഡ്‌ പ്ലമ്പിങ്’ ഷോപ്പിലും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top