കോഴിക്കോട്
നിപാ സാഹചര്യത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഐസിഎംആറിന്റെ മൊബൈൽലാബിൽ സ്രവ പരിശോധന തുടങ്ങി. ദിവസം 50 സ്രവം പരിശോധിക്കാനുള്ള സംവിധാനമാണിതിലുള്ളത്. മെഡിക്കൽ കോളേജിലെ ബിഎസ്‌എൽ –-3 ലാബിനോട് ചേർന്നാണ് ലാബ് ഒരുക്കിയത്. ആദ്യദിനത്തിൽ മലപ്പുറത്തുനിന്നുള്ള അഞ്ച് സാമ്പിൾ പരിശോധിച്ചു. അഞ്ചും നെഗറ്റീവാണ്. ഐസിഎംആർ–- എൻഐവി പുണെയിലെ സയന്റിസ്‌റ്റ് ഡോ. റിമ ആർ സഹായുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. ലാബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘം മഞ്ചേരി മെഡിക്കൽ കോളേജിലും സന്ദർശനം നടത്തി.
ബാറ്റ് സർവൈലൻസ് ടീം പരിശോധന
മലപ്പുറം
പാണ്ടിക്കാട് നിപാ ബാധിത മേഖലയില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന (ജെനോമിക് സീക്വൻസിങ്) തുടങ്ങി. പുണെ നാഷണൽ വൈറോളജിയിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സർവൈലൻസ് ടീമാണ് പഠനം നടത്തുന്നത്. പാണ്ടിക്കാട് മേഖലയിലെ വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യമുണ്ടോയെന്ന് ആദ്യം പരിശോധിക്കും. വൈറസ് ബാധയുണ്ടെങ്കിൽ വകഭേദം തിരിച്ചറിയും. 2023ലുണ്ടായ നിപാ വകഭേദംതന്നെയാണ് മരിച്ച പതിനാലുകാരനിലും ഉണ്ടായതെന്ന് കഴിഞ്ഞദിവസം തിരുവനന്തപുരം വൈറോളജി ലാബിൽനിന്ന് കണ്ടെത്തിയിരുന്നു. പാർഷ്യൽ ജെനോമിക് സീക്വൻസിങ്ങിലൂടെയാണ് ഇത് മനസ്സിലാക്കിയത്. പുണെയിൽനിന്നുള്ള സംഘം ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.
കാമറ സ്ഥാപിച്ചു
വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താൻ രോഗബാധിത പ്രദേശങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു. തദ്ദേശസ്ഥാപനവുമായി സഹകരിച്ചാണ് നടപടി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍നിന്നും വളര്‍ത്തുമൃഗങ്ങളില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലില്‍നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..