07 September Saturday

കൈകോര്‍ത്ത് ചെറുക്കാം

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024

മലപ്പുറം കലക്ടറേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് ഫീൽഡ് സർവേ റിപ്പോർട്ട് വിവരിക്കുന്നു

മലപ്പുറം
നിപാ വ്യാപനം തടയാൻ നാടൊന്നായി. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ്‌ ജനം പ്രതിരോധം തീർക്കുന്നത്. നിപാ വൈറസിനെ തോൽപ്പിക്കാൻ ആരോ​ഗ്യപ്രവർത്തകർക്ക് പിന്തുണ നൽകുന്നവർക്കും പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ജനങ്ങൾക്കും മന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. 
നിലവിൽ പരിശോധിച്ച സാമ്പിളുകൾ നെ​ഗറ്റീവ് ആണെങ്കിലും ജാഗ്രതയും പ്രതിരോധവും തുടരേണ്ടതുണ്ട്. നെഗറ്റീവായവർക്ക് പനി ബാധിച്ചാൽ വീണ്ടും സാമ്പിൾ ശേഖരിക്കും. സമ്പർക്കപ്പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസൊലേഷനിൽ കഴിയണം. തുടർ പരിശോധനകളും സർവേകളും നടത്തി ജില്ലയിൽ നിപാ വ്യാപനമില്ലെന്ന് ഉറപ്പാക്കും. 
ചൊവ്വാഴ്ച പാണ്ടിക്കാട് പഞ്ചായത്തിൽ ആരോഗ്യ പ്രവർത്തകരുടെ 144 ടീമും ആനക്കയം പഞ്ചായത്തിൽ 95 ടീമും വീടുകളിൽ പരിശോധന നടത്തി. നിപാ കൗൺസിലിങ് സെല്ലിലേക്ക് വിളിച്ച 329 പേർക്ക് മാനസിക പിന്തുണ നൽകി. ജില്ലയിലെ അധ്യാപകർക്ക് ഓൺലൈനായി നിപാ ബോധവൽക്കരണം നൽകി. 
ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ തുടങ്ങിയ ജനപ്രതിനിധികൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണയാണ് നൽകുന്നതെന്ന് മന്ത്രി അറിയിച്ചു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ ഫീൽഡ് സർവേക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകിയതായും മന്ത്രി പറഞ്ഞു. 
ക്ലാസ്‌ ഓൺലൈനിൽ 
നിപാ ബാധിത മേഖലയിലെ സ്‌കൂളുകളിൽ ഓൺലൈൻവഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ മറ്റിടങ്ങളിലെ സ്‌കൂളുകളിൽ പോകാൻ കഴിയാത്തവർക്കും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും പരിശീലനവും നൽകുന്നുണ്ട്‌.

21 ദിവസം ഐസൊലേഷൻ
മലപ്പുറം
സമ്പർക്കപ്പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസൊലേഷനിൽ കഴിയുകയും തുടർപരിശോധന നടത്തി നിപാ വ്യാപനമില്ലെന്ന് ഉറപ്പാക്കുകയും വേണം. സംസ്ഥാനത്ത് കൃത്യമായ പരിശോധന നടത്തി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നവരെ അതിർത്തിയിൽ പരിശോധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 
 
 
കർശന നടപടി: മന്ത്രി
മലപ്പുറം
നിപായുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടത്തുന്ന വ്യാജപ്രചാരണങ്ങൾ‌ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന്‌ മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോ​ഗ്യവകുപ്പിന്റെ മീഡിയാ ടീം വ്യാജപ്രചാരണങ്ങൾ കണ്ടെത്തി പൊലീസിന് കൈമാറും. വ്യാജവാർത്തകൾ പടച്ചുവിട്ട് ജനങ്ങളെ ഭയപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു.
 
പാണ്ടിക്കാട് 
സർവകക്ഷിയോഗം
പാണ്ടിക്കാട്
നിപാ പ്രതിരോധത്തിന്‌ വാർഡ്‌ തലത്തിൽ കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങൾ നടത്താൻ പാണ്ടിക്കാട്‌ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവർക്ക്‌ പഞ്ചായത്ത്‌ മുഖേന ആവശ്യമായ സഹായങ്ങൾ എത്തിക്കും. 
യോഗം അഡ്വ. യു എ ലത്തീഫ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്  ടി സി റമീസ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ കെ സദക്കത്ത്, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ റാബിയത്ത്, ആയിശുമ്മ, പി  സുനീർ, അംഗങ്ങളായ ശങ്കരൻ കൊരമ്പയിൽ, പി എച്ച് ഷമീം, പി ആർ രോഹിൽനാഥ്, വി മജീദ്, എൻ ടി സുരേന്ദ്രൻ, പാണ്ടിക്കാട്  എസ്ഐ ദാസൻ മുണ്ടക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് അമ്പ്രക്കാട്ട് എന്നിവർ സംസാരിച്ചു. 
വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, സന്നദ്ധസേവാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ  എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top