17 September Tuesday

ഹൃദയംതൊട്ട്‌ ഹൃദ്യം

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2024
 
എടക്കര
മുണ്ടേരി ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ഏഴ് വയസ്സുകാരിക്ക് ഹൃദ്യം പദ്ധതിയിലൂടെ അടിയന്തര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പോത്തുകല്ല് മുണ്ടേരി അപ്പന്‍കാപ്പ് നഗറിലെ ആദിവാസി വിഭാഗത്തിലെ വിജയൻ, മഞ്ജു ദമ്പതികളുടെ മകൾ ഏഴ് വയസ്സുകാരി ബിജിഷക്കാണ് ആരോഗ്യവകുപ്പ്  ഹൃദ്യം പദ്ധതിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയ നടത്തിയത്‌. പോത്തുകല്ല് പഞ്ചായത്തിൽ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍കണ്ട് കഴിഞ്ഞ അഞ്ചാം തീയതിയാണ് കുട്ടിയുടെ കുടുംബത്തെ മുണ്ടേരി ഗവ. ഹൈസ്‌കൂളിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. കുട്ടിക്ക് കുറേ നാളുകളായി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നൽകുന്നുണ്ടായിരുന്നു. കുട്ടിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞ പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ യു സുജീഷാണ്‌ അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഹൃദ്യം ടീം ഇടപെട്ട് അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമൊരുക്കുകയായിരുന്നു.
ആദ്യം കോഴിക്കോട് അമൃത ആശുപത്രി അധികൃതർ നടത്തിയ ക്യാമ്പിൽ പങ്കെടുപ്പിച്ചു. പിന്നീട്‌ പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഹൃദ്യം പദ്ധതിയിലൂടെ ചികിത്സ നല്‍കിയിരുന്ന എംപാനല്‍ ചെയ്ത ആശുപത്രിയായ കൊച്ചി അമൃതയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. കുട്ടിയെ 13ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച സർജറി കഴിഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. കുടുംബം വീട്ടിലേക്ക് മടങ്ങി. രണ്ടര ലക്ഷരൂപയാണ്‌ ചികിത്സാച്ചെലവ്‌. ആശുപത്രി അധികൃതർതന്നെ മുഴുവൻ ചികിത്സാച്ചെലവും വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്‌. യാത്രാ ചെലവ് പൂർണമായും നിലമ്പൂർ ഐടിഡിപി വഹിച്ചതായി പ്രോജക്ട് ഓഫീസർ സി ഇസ്മായിൽ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയ ഹൃദ്യം ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top