മലപ്പുറം
നാടിന്റെ ഫുട്‌ബോൾ ആവേശത്തിലേക്ക് പന്തുതട്ടി ‘ഫുട്‌ബോൾ പാസ് റിലേ’. സൂപ്പർ ലീഗ് കേരള (എസ്‌എൽകെ) ഫുട്‌ബോൾ ലീഗിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന പന്തുതട്ടൽ ജില്ലയിൽ പര്യടനം തുടരുന്നു. 17ന് കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച റിലേ വെള്ളി രാവിലെയാണ് ജില്ലയിൽ പ്രവേശിച്ചത്. രാവിലെ എട്ടിന് കലിക്കറ്റ് സർവകലാശാലാ സ്‌റ്റുഡന്റ്‌സ് ട്രാപ്പിൽ സർവകലാശാലാ കായിക വിഭാഗം ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ റിലേ ഫ്‌ളാഗ് ഓഫ് ചെയ്‌തു.
മലപ്പുറം എഫ്‌സി ടീമിന്റെ പരിശീലകൻ ജോൺ ഗ്രിഗറി ആദ്യ പാസ് നൽകി. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി എം സുധീർകുമാർ, മലപ്പുറം എഫ്‌സി പ്രമോട്ടർമാരായ ബേബി നീലാംബ്ര, ആഷിഖ് കൈനിക്കര, ജംഷീദ് പി ലില്ലി എന്നിവരും പങ്കെടുത്തു. തുടർന്ന് 12 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച റിലേ വേങ്ങരയിൽ സമാപിച്ചു. പന്ത് പാസ് ചെയ്യുന്നതിനുപുറമേ ഷൂട്ടൗട്ട് ചലഞ്ചും ഫ്‌ളാഷ് മോബും റിലേയുടെ ഭാഗമായി നടക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കായികപ്രേമികളും ഫുട്‌ബോൾ അക്കാദമികളും ക്ലബ്ബുകളും ചേർന്ന് റിലേക്ക് ആവേശകരമായ വരവേൽപ്പാണ് നൽകുന്നത്. ശനി രാവിലെ കോട്ടക്കലിൽനിന്ന് പര്യടനം ആരംഭിക്കുന്ന റിലേ വൈകിട്ട് നിലമ്പൂരിൽ സമാപിക്കും. ഞായറാഴ്‌ചയും ജില്ലയിൽ പര്യടനം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..