22 November Friday
മലപ്പുറം ഗവ. വനിതാ കോളേജ്‌

ഉയരും, അക്കാദമിക്‌ ബ്ലോക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2024

മലപ്പുറം ഗവ. വനിതാ കോളേജിൽ കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ

മലപ്പുറം
ഉന്നത വിദ്യാഭ്യാസ മേഖലയിലെ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ മലപ്പുറം ഗവ. വനിതാ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിനും അക്കാദമിക്‌ ബ്ലോക്ക്‌ യാഥാർഥ്യമാവുന്നു. ഇൻകെൽ വ്യവസായ പാർക്കിൽ കാരത്തോട്‌ സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച്‌ ഏക്കർ ഭൂമിയിലാണ്‌ അക്കാദമിക്‌ ബ്ലോക്ക്‌ നിർമിക്കുന്നത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസെറ്റിക്കാണ്‌ നിർമാണച്ചുമതല. കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ കിഫ്‌ബിയിൽനിന്ന് 18.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. നിലവിൽ കാവുങ്ങലിലെ വാടക കെട്ടിടത്തിലാണ്‌ കോളേജ്‌ പ്രവർത്തിക്കുന്നത്‌. 
2018ൽ എൽഡിഎഫ്‌ സർക്കാർ കോളേജ്‌ നിർമിക്കാൻ കിഫ്‌ബിയിൽനിന്ന് 13.85 കോടി അനുവദിക്കുകയും ഈ തുക പിന്നീട്‌ 18.11 കോടിയായി ഉയർത്തുകയുമായിരുന്നു. 
കോളേജ്‌ കെട്ടിടത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി നവകേരള സസ്സിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന്‌ കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ്‌ നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്‌ ലഭിച്ചത്‌. 
പുതിയ കെട്ടിടത്തിന്റെ നിർമാണം 12 മാസംകൊണ്ട്‌ പൂർത്തീകരിക്കണം. 14 ക്ലാസ്‌ മുറികൾ, ബോട്ടണി (യുജി, പിജി), കെമിസ്‌ട്രി, ഫിസിക്‌സ്‌ ലാബുകൾ, ലാഗേജ്‌ ലാബ്‌, ഡിജിറ്റിൽ ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ്‌ അക്കാദമിക്‌ ബ്ലോക്ക്‌. സംസ്ഥാന സർക്കാരിന്റെ പ്ലാനിങ്‌ ഫണ്ടിൽനിന്ന് അനുവദിച്ച 76 ലക്ഷംരൂപ ഉപയോഗിച്ച്‌ ചുറ്റുമതിൽ നിർമാണം ഉടൻ ആരംഭിക്കും. എംഎൽഎ ഫണ്ടിൽനിന്നുള്ള 2.3 കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം പൂർത്തിയായിട്ടുണ്ട്‌.  
2015ൽ ആണ്‌ മലപ്പുറത്ത്‌ ഗവ. വനിതാ കോളേജ്‌ അനുവദിച്ചത്‌. സ്ഥലം എംഎൽഎമാർ കോളേജിന്‌ ആവശ്യമായ സ്ഥലം കണ്ടെത്തണമെന്നായിരുന്നു ധാരണ. എന്നാൽ മലപ്പുറത്ത്‌ അത്‌ നടന്നില്ല. തുടർന്ന്‌ 2019ൽ ഒന്നാം പിണറായി സർക്കാരാണ്‌ ഇൻകെലിൽ കോളേജിന്‌ അഞ്ച്‌ ഏക്കർ സ്ഥലം അനുവദിച്ചത്‌. 2016ൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിൽനിന്നും പോകുന്നതിനുമുമ്പ്‌ രണ്ടുതവണ കല്ലിടൽ നാടകവും നടന്നു. ആദ്യം കോട്ടപ്പടിയിൽ ഗവ. ബോയസ്‌ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പഴയ കെട്ടിടത്തിലും പിന്നീട്‌ മുണ്ടുപറമ്പിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച കോളേജ്‌ 2022 ആഗസ്‌തിലാണ്‌ കാവുങ്ങലിലേക്ക്‌ മാറിയത്‌. ബിഎ ഇംഗ്ലീഷ്‌, ബിഎ ഇസ്ലാമിക്‌ ഹിസ്‌റ്ററി, ബിഎസ്‌സി ബോട്ടണി, ബിഎസ്‌സി കെമിസ്‌ട്രി, എംഎസ്‌സി ബോട്ടണി എന്നീ കോഴ്സുകളിലായി 410 കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top