മഞ്ചേരി
വിദ്യാർഥികൾക്ക് മുണ്ടിനീര് ബാധിച്ചതിനെ തുടര്‍ന്ന് സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. മഞ്ചേരി നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 30 വിദ്യാർഥികളിലാണ് രോഗവ്യാപനം കണ്ടെത്തിയത്. സ്‌കൂളിലെ എൽപി വിഭാഗം രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയതായി മഞ്ചേരി ജനറൽ ആശുപത്രി ആർഎംഒ അറിയിച്ചു. എന്നാൽ, സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല. ഒരാഴ്ചമുമ്പാണ് ചില കുട്ടികളിൽ മുണ്ടിനീരിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്.
രോഗബാധയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്ഥിതിഗതി വിലയിരുത്തും. മിക്സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസാണ് രോഗത്തിന് കാരണം. വായുവിലൂടെ പകരുന്ന രോഗം 15 വയസിനുതാഴെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്.
ലക്ഷണങ്ങൾ
ഉമിനീർഗ്രന്ഥികളെയാണ് ബാധിക്കുന്നത്. തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്നു. പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. ചെവിക്കുതാഴെ കവിളിന്റെ വശങ്ങളിൽ വീക്കമുണ്ടാകും. ഇതുകാരണം വായ തുറക്കുന്നതിന് പ്രയാസമുണ്ടാകും. ഭക്ഷണം ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റ് ലക്ഷണങ്ങളാണ്.
വ്യാപനം
രോഗം ബാധിച്ചവരിൽ വീക്കം കണ്ടുതുടങ്ങിയശേഷം നാലുമുതൽ ആറുദിവസംവരെയുമാണ് സാധാരണയായി പകരുന്നത്. ചുമ, തുമ്മൽ, മൂക്കിൽനിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയും പകരും. രോഗികളുമായുള്ള നേരിട്ടുള്ള സമ്പർക്കവും ഉമിനീർവഴിയും രോഗം പകരാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..