23 December Monday

പൊടി പിടിക്കില്ല... ആ താളിയോലകൾ...

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
പൂക്കോട്ടുംപാടം
അമരമ്പലം കോവിലകത്തിലെ താളിയോല ഗ്രന്ഥങ്ങൾ ഇനി സംസ്‌കൃത സർവകലാശാല സൂക്ഷിക്കും. താളിയോലകളിലെ അറിവ്‌ പുറംലോകത്തെ അറിയിക്കലാണ്‌ ലക്ഷ്യം.  ആയുധപൂജ സമയങ്ങളിൽമാത്രം പൊടിതട്ടി മിനുക്കിയിരുന്ന താളിയോലകളാണ്‌ കോവിലകത്തുള്ളവർ സർവകലാശാലയ്‌ക്ക്‌ കൈമാറിയത്‌.  
നാല്‌ നൂറ്റാണ്ട്‌ മുൻപ്‌  നിർമിച്ച എടവണ്ണ കോവിലകത്തിന്റെ ഭാഗമായി പിന്നീടാണ്‌ വിക്കരമാനിച്ചൻ തിരുമുൽപ്പാടിന്റെ മേൽനോട്ടത്തിൽ അമരമ്പലം കോവിലകം പണിയുന്നത്‌. 100 വയസ്സ്‌ പിന്നിട്ട  കോവിലകത്തിൽ താളിയോല ഗ്രന്ഥങ്ങളുടെ കലവറയാണുണ്ടായിരുന്നത്‌. ഇപ്പോഴത്തെ തലമുറയിലെ വലിയ തമ്പുരാൻ രവി വർമ്മ, സഹോദരങ്ങളായ രാജ വർമ്മ, തങ്കമണി രാജ, ഇന്ദിര എസ് രാജ, സുധ വർമ്മ, സതി വർമ്മ എന്നിവരാണ് കോവിലകവും   സ്വത്തുവകകളും സംരക്ഷിക്കുന്നത്. ദൂരസ്ഥലങ്ങളിലാണ്‌ ഇവരുടെ താമസം.  കോവിലകവും   സ്വത്തും സംരക്ഷിക്കുന്നത്‌ സഹോദരി തങ്കമണി രാജയും  ജോലിക്കാരുമാണ്‌. തലമുറകൾ കൈമാറി ലഭിച്ച താളിയോലകൾ ആയുധപൂജ സമയങ്ങളിൽമാത്രമാണ്‌ പൊടി തട്ടി മിനുക്കിയിരുന്നത്‌.   ഇതിന്‌ പരിഹാരം കാണുന്നതിനായി  രാജ വർമ്മ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത
 സർവകലാശാലാ അധികൃതരെ  അറിയിക്കുകയായിരുന്നു. സർവകലാശാല അധികൃതരെത്തി  നൂറോളം പ്രധാന താളിയോലകളിൽ 35 എണ്ണം  പരിശോധിച്ചു. ഇതിൽ 254 വർഷം പഴക്കമുള്ള ആചാരങ്ങൾ ഉൾക്കൊള്ളിച്ചുള്ള വ്യവഹാരമാല,   ഭാരത ചമ്പു; കവിത രൂപത്തിലാക്കിയ സംക്ഷേപങ്ങൾ, ഉത്തര രാമചരിതം, മൈഖദേയ ചരിതം, മാഘം സാഹിത്യ കൃതികൾ, ബാലചികിത്സാ വൈദ്യശാസ്ത്രം, പാണിനിയുടെ വ്യാകരണസൂത്രങ്ങളും അവയുടെ വ്യാഖ്യാനങ്ങളുടെ വ്യഖ്യാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള  ഗ്രന്ഥങ്ങൾ എന്നിവയുണ്ടെന്നും  സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട്  പറഞ്ഞു.  
പഴയ ഗ്രന്ഥങ്ങൾ, താളിയോല ഗ്രന്ഥങ്ങൾ എന്നിവ  സംരക്ഷിക്കും. ഇവ  പിന്നീട് ഡിജിറ്റലായി സൂക്ഷിക്കും. ഇതുവഴി ലഭിക്കുന്ന ആശയങ്ങൾ പ്രസിദ്ധീകരിക്കും.   സർവകലാശാലാ സിൻഡിക്കറ്റ് അംഗം ഡോ. എം മണിമോഹൻ, ഡോ. കെ വി അജിത്ത്കുമാർ,  കെ സന്ധ്യ,  എം ഐ ജിജോ, പി ടി ആരതി, പി രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് സംരക്ഷിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top