08 September Sunday

പ്രതിരോധം 
ഫലം കാണുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
മലപ്പുറം
പഴുതടച്ച നിപാ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു.  പാണ്ടിക്കാട്ട് പതിനാലുകാരൻ നിപാ ബാധിച്ച് മരിച്ചതോടെ ജില്ലയിലുയർന്ന ആശങ്ക അയയുന്നു. ആദ്യ കേസ് റിപ്പോർട്ട്ചെയ്‌ത്‌ നാല് ദിവസം പിന്നിട്ടിട്ടും മറ്റാർക്കും നിപാ ബാധ സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്. വ്യാപനമുണ്ടായിട്ടില്ലെന്ന് ഉറപ്പിക്കാൻ കുട്ടിയുമായി സമ്പർക്കത്തിലായ എല്ലാവരെയും കണ്ടെത്തി ഐസൊലേഷനിലാക്കുകയാണ് ആരോഗ്യ വകുപ്പ്. കുട്ടിയുടെ മാതാപിതാക്കളുൾപ്പെടെ 58 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. 
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപാ സംശയമുയർന്നത്. ഉടൻ സംസ്ഥാന സർക്കാർ ഉണർന്നുപ്രവർത്തിച്ചു. പ്രോട്ടോക്കോൾ പാലിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഓൺലൈനായി ഉന്നതതല യോ​ഗം ചേർന്നു. നിപാ സ്റ്റാൻഡേർഡ് പ്രൊസീജിയർ പ്രകാരം ജില്ലയിൽ 25 കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. അന്ന് വൈകിട്ടുതന്നെ മന്ത്രി മലപ്പുറത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 
വൈകിട്ടോടെ നിപാ സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളും ഈർജിതമാക്കി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കി. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കലക്ടർ നിയന്ത്രണങ്ങളേർപ്പെടുത്തി. ഇരു പഞ്ചായത്തുകളിലുമായി 239 ടീമുകൾ രൂപീകരിച്ച് വീടുകയറി പനി സർവേ തുടങ്ങി. വിദ്യാർഥി ചികിത്സ തേടിയ ആശുപത്രികളിലെയും സഞ്ചരിച്ച സ്വകാര്യ ബസിലെയും സമ്പർക്കപ്പട്ടിക തയ്യാറാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്‌ പട്ടിക തയ്യാറാക്കിയത്‌. കുട്ടിയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട്ട് സജ്ജമാക്കി. ബാറ്റ് സർവൈലൻസ് ടീമിനെ എത്തിച്ച് വവ്വാലുകളിലെ സ്രവപരിശോധനയും ആരംഭിച്ചു. 
ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറ​ഹ്മാനും എംഎൽഎമാരും എംപിമാരും ജനപ്രതിനിധികളുംപൂർണ പിന്തുണ നൽകി. ജില്ലാ ഭരണസംവിധാനം ഏർ‌പ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൊതുജനങ്ങളും സഹകരിച്ചു.
ജാഗ്രത തുടരണം
സമ്പർക്കപ്പട്ടികയിലുള്ളവർ നിർബന്ധമായും 21 ദിവസം ഐസൊലേഷനിൽ കഴിയണം. നിപാ വ്യാപനമില്ലെന്ന് ഉറപ്പാക്കുംവരെ പ്രതിരോധപ്രവർത്തനം തുടരുമെന്ന്‌ മന്ത്രി വീണാ ജോർജ് അറിയിച്ചു.
പനി സർവേ ഇന്നുകൂടി
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ പനി സർവേ വ്യാഴാഴ്ച പൂർത്തിയാകും. ബുധനാഴ്ച 8376 വീടുകൾ സന്ദർശിച്ചു. ഇതുവരെ 26,431 വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top