മഞ്ചേരി
നിപാ സ്രവ പരിശോധനയ്‌ക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങും. ബിഎസ്എൽ -3 ലെവൽ ലബോറട്ടറിയാണ് ഇത്.
അക്കാദമിക് കെട്ടിടത്തോട് ചേർന്നാണ് സൗകര്യം ഒരുക്കിയത്. മഞ്ചേരി വൈറോളജി വിഭാഗത്തിലെ സൈന്റിസ്റ്റ്, ടെക്നീഷ്യൻസ്, അനുബന്ധ ജീവനക്കാർ എന്നിവര്‍ക്ക് കോഴിക്കോട്ട് പരിശീലനം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘത്തെ സഹായിക്കാനായി സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിൽനിന്നുള്ള വിദഗ്ധരും വൈകിട്ടോടെ മഞ്ചേരിയിൽ എത്തും. മെഡിക്കൽ കോളേജിലെ പിസിആർ ലാബിന്റെ സഹായത്തോടെയാണ് പരിശോധനാ ഘട്ടം പൂർത്തിയാക്കുക. നിലവിൽ പുണെയിലെ എൻഐവിയിലേക്കാണ് സാമ്പിളുകൾ അയച്ചിരുന്നത്.
നിപാ പരിശോധന നടത്താൻ ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബുകൾക്കേ കഴിയൂ. സാമ്പിൾ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയ്ക്ക് ബയോ സേഫ്റ്റി മുൻകരുതലുകൾ വേണം. സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്‌നർ പാക്കിങ് നടത്തും. ഇത് കോൾഡ് ചെയിനിൽ രണ്ടുമുതൽ എട്ട് ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി മൊബൈൽ ലബോറട്ടറിയിലേക്ക് മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..