15 November Friday
പ്രഥമ കിഡ്‌സ്‌ അത്‌‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 27ന്

കുട്ടികളേ ഗെറ്റ്‌ റെഡി...

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
മലപ്പുറം
കായികരംഗത്ത്‌ കുരുന്നുകൾക്ക്‌ അവസരമൊരുക്കി കിഡ്‌സ്‌ അത്‌‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‌ തുടക്കമാകുന്നു. കേരള സംസ്ഥാന അത്‌‌ലറ്റിക്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള സ്റ്റേറ്റ് ഓപ്പൺ സ്‌കൂൾ കിഡ്‌സ്‌ അത്‌‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്‌ ഞായറാഴ്‌ച കടകശേരി ഐഡിയൽ സ്‌കൂളിൽ ആരംഭിക്കും. മൂന്നുവയസ്സുമുതൽ 11വരെയുള്ള കുട്ടികളെയാണ്‌ വിവിധ വിഭാഗങ്ങളിൽ മത്സരിപ്പിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന 150ൽപരം ടീമുകളിലായി 1200 ഓളം വിദ്യാർഥികൾ മീറ്റിൽ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ്‌ ഒളിമ്പ്യൻ ലിജോ ഡേവിഡ്‌ തോട്ടൻ ഉദ്‌ഘാടനംചെയ്യും. അത്‌‌ല‌റ്റിക്‌ ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പർ ഡോ. സക്കീർ ഹുസൈൻ, അത്‌‌ല‌റ്റിക്‌ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോ. സെക്രട്ടറി ബാബു, സംസ്ഥാന അത്‌‌ല‌റ്റിക്‌സ്‌ അസോസിയേഷൻ സെക്രട്ടറി ചന്ദ്രശേഖരൻപിള്ള, കിഡ്‌സ് അത്‌‌ല‌റ്റിക്‌സ്‌ ചെയർമാൻ കെ കെ രവീന്ദ്രൻ, അത്‌‌ല‌റ്റിക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌  മജീദ് ഐഡിയൽ  എന്നിവർ പങ്കെടുക്കും. മീറ്റിൽ പങ്കെടുക്കുന്ന കുട്ടിത്താരങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ഐഡിയൽ ക്യാമ്പസിൽ നടക്കുന്നതെന്ന്‌ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ ഷാഫി അമ്മാനത്ത്‌, എക്‌സി. വൈസ്‌പ്രസിഡന്റ്‌ അബ്‌ദുൾ ഖാദർ (ബാപ്പു) എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സരം 3 വിഭാഗങ്ങളിൽ 
കുട്ടികളെ മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചാണ്‌ കിഡ്‌സ്‌ അത്‌ലറ്റിക്‌സ്‌ നടത്തുന്നത്‌. മൂന്നുമുതൽ അഞ്ചുവയസ്സുവരെ ‘ലെവൽ വൺ’, ആറുമുതൽ എട്ടുവരെ ‘ലെവൽ ടു’, ഒമ്പതുമുതൽ 10 വയസ്സുവരെ ‘ലെവൽ ത്രി’ എന്നിങ്ങനെയാണ്‌ വിഭാഗങ്ങൾ. വ്യക്തിഗത മത്സരമില്ല. ടീമായാണ്‌ മത്സരിക്കേണ്ടത്‌. ഹർഡിൽ ആൻഡ് സ്‌പ്രിന്റ്‌ ഷട്ടിൽ റിലേ, ഫോർമുല വൺ, ഹൂപ്‌സ് ത്രോ, കോമ്പസ് ക്രോസ്, റിഥമിക് ജമ്പ് റിലേ എന്നിവയാണ്‌ മത്സര ഇനങ്ങൾ. ഓരോ സ്‌കൂളിനും ഓരോ വിഭാഗത്തിലും ഒരു ടീമിനെ പങ്കെടുപ്പിക്കാം. ഒരു ടീമിൽ ആറുപേരുണ്ടാകും. ഇതിൽ നാലുപേരാണ്‌ കളിക്കാനിറങ്ങുക. രണ്ടുപേരെ പകരക്കാരായി ഉപയോഗിക്കാം. 
ബാലസൗഹൃദ ഉപകരണങ്ങൾ
കുട്ടികളുടെ പ്രഥമ അത്‌‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്‌ പൂർണമായും ബാലസൗഹൃദ ഉപകരണങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. റബർ, ഫോം എന്നിവ ഉപയോഗിച്ച് നിർമിച്ചവയാണിവ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top