താനൂർ
മതനിരപേക്ഷതക്കെതിരായി പ്രവർത്തിക്കുന്ന ശക്തികളെ ജാഗ്രതയോടുകൂടി കാണണമെന്നും അതിനെതിരെ ജനങ്ങളെ അണിനിരത്തണമെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ജില്ലാ സമ്മേളന ഭാഗമായി സംഘടിപ്പിച്ച "മതേതരത്വം വെല്ലുവിളിക്കപ്പെടുമ്പോൾ' സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് മനുഷ്യർ കഷ്ടപ്പെടുമ്പോഴും അടിച്ചമർത്തപ്പെടുമ്പോഴും മുതലാളിത്തത്തിന്റെ ചൂഷണം അനുഭവിച്ചുവരുമ്പോഴും ആ ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം.
കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന സാർവദേശീയതയനുസരിച്ച് ലോകത്തിലെ ഏത് രാജ്യത്തും വിവേചനം സൃഷ്ടിക്കുന്നിടത്തും അടിച്ചമർത്തൽ അനുഭവിക്കുന്നിടത്തും പ്രതിഷേധം ഉയർന്നുവരുന്നുവോ ആ ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കമ്യൂണിസ്റ്റുകളുണ്ടാകും.
ഇസ്രയേൽ പലസ്തീനെതിരായി ആക്രമണം നടത്തുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും മൃഗീയമായി ആക്രമിച്ചു. രാജ്യത്തെ സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതിനെ അപലപിച്ചപ്പോൾ എതിരാളികൾ പറഞ്ഞത് സിപിഐ എം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചുവെന്ന്. കമ്യൂണിസ്റ്റ് സാർവദേശീയ വീക്ഷണത്തെ തെറ്റിദ്ധരിച്ചതിന്റെ ഭാഗമായിരുന്നു അതെന്നും പി ജയരാജൻ പറഞ്ഞു.
താനൂർ ജങ്ഷനിലെ ഇമ്പിച്ചിബാവ–-ഇ ഗോവിന്ദൻ നഗറിൽ നടന്ന സെമിനാറിൽ സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ. അനിൽ ചേലേമ്പ്ര, എ എം ഷിനാസ് എന്നിവർ സംസാരിച്ചു. പി വിനേശൻ സ്വാഗതവും വി സി ശശിധരൻ നന്ദിയും പറഞ്ഞു.
ബാലസംഘത്തിന്റെ തുമ്പിക്കൂട്ടം കലാപരിപാടികളും ധനീഷ് വള്ളിക്കുന്ന് സംവിധാനംചെയ്ത് ബാസിം, അമയ എന്നിവർ അഭിനയിച്ച സുഖം നാടകവും അരങ്ങേറി.
പ്രവാസിസംഗമം ഇന്ന്
താനൂർ
സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി ബുധനാഴ്ച വൈകിട്ട് നാലിന് പ്രവാസിസംഗമം നടക്കും. താനൂർ ജങ്ഷനിലെ ഇമ്പിച്ചിബാവ–-ഇ ഗോവിന്ദൻ നഗറിൽ കേരള പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയാകും.
പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി ലില്ലീസ്, പി എം ജാബിർ എന്നിവർ സംസാരിക്കും. ജാഫർ കുറ്റിപ്പുറം സംവിധാനം ചെയ്ത പഞ്ചാരമിഠായി, ഉണ്ണിക്കൃഷ്ണൻ യവനിക സംവിധാനംചെയ്ത ഇതിലെ ഏകനായി എന്നീ ചിത്രങ്ങളുടെ പ്രദർശനവും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..