മലപ്പുറം
ജില്ലയിൽ വ്യാഴാഴ്‌ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ബുധൻ രാവിലെ എട്ടുമുതൽ വ്യാഴം രാവിലെ എട്ടുവരെ ജില്ലയിൽ 34.12 മി.മീറ്റർ മഴ പെയ്‌തു. വ്യാഴാഴ്‌ച പകലും രാത്രിയും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടായി. എടരിക്കോട് ഞാറതടം ചീനിപ്പടിയിൽ മൂന്നിടത്ത് മരം കടപുഴകി. ഞാറത്തടം പള്ളിയുടെ സമീപം മുല്ലഞ്ചേരി സുബ്രൻ, ചീനിപ്പടി കറുമത്ത് നീലി എന്നിവരുടെ വീടിനുമുകളിലും മരം വീണു. ചീനിപ്പടി മനോവികാസ് സ്‌കൂളിനുമുന്നിലുള്ള വൈദ്യുതിലൈനിലും മരം വീണു.
മേലേ കാളികാവ് ജുമാ മസ്ജിദിനുസമീപം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്കുമുകളിലേക്ക് ട്രാൻസ്‌ഫോമർ തകർന്നുവീണു. യാത്രക്കാരായ കരുവാരക്കുണ്ട് വലിയ പീടിയേക്കൽ സാജിത, മകൾ സഫ, ഓട്ടോ ഡ്രൈവർ കോയ മുസ്ല്യാർ എന്നിവർക്ക് പരിക്കേറ്റു. വാണിയമ്പലത്ത് 45 വൈദ്യുതിതൂണുകൾ തകർന്നു. കരുവാരക്കുണ്ട് കൽകുണ്ടിൽ സുനിൽ ജേക്കബിന്റെ മുന്നൂറോളം റബർ മരങ്ങൾ കടപുഴകി.
മാമ്പറ്റ ഒ പി അബൂബക്കർ, പള്ളിശേരി അമ്പലക്കടവ് റോഡിനുസമീപം പൂതനാലി സൽമത്ത്, ചോലശേരി അബൂബക്കർ, മദാരി മുഹമ്മദലി, ചോക്കാട് പഞ്ചായത്തിലെ പുല്ലങ്കോട് ചടച്ചിക്കല്ല് ഭാഗങ്ങളിൽ പുൽപാടൻ നാസർ, കളത്തിങ്ങൽ നാസർ, ഓട്ടുപുറത്ത് ഷാജി, കൊളപ്പുറം അസീസ് എന്നിവരുടെ വീടുകൾക്കുമുകളിൽ മരം വീണു. വെടിവെച്ചപാറയിൽ മലയോര ഹൈവേയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
വടപുറം–-പട്ടിക്കാട് സംസ്ഥാന പാതയിൽ നടുവത്ത് അങ്ങാടിയിൽ അത്തിമരം വീണ് നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം തടസ്സപ്പെട്ടു.
തൊടികപ്പുലം റെയിൽവേ ലൈനിൽ മരം കടപുഴകി ട്രെയിൻ ഗതാഗതം അരമണിക്കൂർ മുടങ്ങി. പോരൂർ, താളിയംകുണ്ട്, കരുവാറ്റക്കുന്ന്, കാലിപ്പറമ്പ്, പൂത്രക്കോവ്, തൊടികപ്പുലം ഭാഗങ്ങളിൽ റബർ മരങ്ങൾ കടപുഴകി റെയിൽവേയിലെ ഇലക്ട്രിക് ലൈനുകളും തകരാറിലായി. തൊടികപ്പുലം ഭാഗത്ത് പൂവത്തി യൂസഫലി, കുട്ടിമാൻ വൈദ്യർ എന്നിവരുടെ വീടിനുമുകളിൽ മരങ്ങൾ വീണു. പ്രദേശത്തെ കാരാടൻ അബ്ദു, ഉച്ചപള്ളി നജ്മത്ത് എന്നിവരുടെ വീടുകൾക്കുമുകളിലും മരം വീണു. തൊടികപ്പുലം അങ്കണവാടിക്കും നാശനഷ്ടമുണ്ടായി. വണ്ടൂർ ടൗൺ സ്ക്വയറിൽ മരം കടപുഴകി.
എടവണ്ണ കുണ്ടുതോട്, ചളിപ്പാടം, ഒതായി വേരുപാലം, തൂവ്വക്കാട്, പത്തപ്പിരിയം തുടങ്ങിയ പ്രദേശങ്ങളിലും അപകടമുണ്ടായി. ചെമ്പക്കുത്ത് ജാമിയാ റോഡിൽ തേക്ക് ബൈക്കിനുമുകളിൽ വീണു. പത്തപ്പിരിയത്ത് ബാപ്പാല ഹരിദാസന്റെ വീടും തുവ്വക്കാട് ലക്ഷം വീട് നഗറിൽ പാറക്കുളങ്ങര ഉമ്മുസൽമയുടെ വീടും മരംവീണ് തകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..