24 November Sunday

സിപിഐ എം മാർച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

വന്യമൃഗശല്യത്തിനെതിരെ സിപിഐ എം നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം 
പി കെ സൈനബ ഉദ്ഘാടനംചെയ്യുന്നു

എടക്കര
മലയോര മേഖലയിലെ വന്യമൃഗശല്യത്തിനെതിരെ സിപിഐ എം എടക്കര ഏരിയാ കമ്മിറ്റി നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരമ്പി. വന്യമൃഗ ആക്രമണത്തിൽനിന്ന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിൽ സ്ഥിരം ആർആർടി ടീമിനെ വിന്യസിക്കുക, വന്യമൃഗ ആക്രമണത്തെ തുടർന്നുള്ള നഷ്ടപരിഹാരം വർധിപ്പിച്ച് കാലതാമസംകൂടാതെ വിതരണംചെയ്യുക, കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുക, സിസിടിവി കാമറകൾ സ്ഥാപിച്ച്  കാട്ടാനകളെ നിരീക്ഷിക്കുക, വനാതിർത്തികളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ വനംവകുപ്പ് അനുമതി നൽകുക, വനമിറങ്ങുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിലമ്പൂർ നോർത്ത്, സൗത്ത് ഡിഎഫ്ഒ ഓഫീസിലേക്ക്  മാർച്ച് നടത്തിയത്. 
ടൗണിൽനിന്ന്‌ തുടങ്ങിയ മാർച്ച് ഡിഎഫ്ഒ ഓഫീസിനുമന്നിൽ പൊലീസും വനംവകുപ്പും തടഞ്ഞു. എടക്കര, ചുങ്കത്തറ, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളിലെ കർഷകർ ഉൾപ്പെടെ നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ അണിനിരന്നു. മാർച്ചിനുശേഷം ഡിഎഫ്ഒ ഓഫീസിലെത്തി സമരക്കാർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയുംചെയ്‌തു. പ്രതിഷേധ മാർച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം സുകുമാരൻ അധ്യക്ഷനായി. എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, ഏരിയാ കമ്മിറ്റി അംഗം പി സെഹീർ, ലോക്കൽ സെക്രട്ടറിമാരായ കെ ടി വർഗീസ്, എം ടി അലി, പി കെ ജിഷ്ണു, എ പി അനിൽ, പി വി രാജു, പി ടി യോഹന്നാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top