26 November Tuesday

തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്രം കവരുന്നു: ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മഞ്ചേരിയില്‍ നടന്ന പൊതുസമ്മേളനം 
സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യുന്നു

മഞ്ചേരി
തൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്‌ക്ക്‌  എതിരായ നടപടികൾ കേന്ദ്ര സർക്കാർ തുടരുകയാണെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ. ഹെഡ്‌ ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക്‌ അനുകൂലമായ 29 നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദുചെയ്‌തു. തൊഴിൽ മേഖലയിൽ നാല്‌ ലേബർ കോഡ്‌ നടപ്പാക്കുകയാണ്‌. ലേബർ കോഡ്‌ നടപ്പിൽവന്നതോടെ മിനിമം കൂലി നിലനിൽക്കില്ല. കേരളത്തിൽ 80 മേഖലകളിൽ മിനിമം കൂലിയുണ്ട്‌. വർഷങ്ങളുടെ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങൾ ഓരോന്നായി കേന്ദ്രം കവർന്നെടുക്കുകയാണ്‌. ലേബർ കോഡ്‌ വരുന്നതോടെ എട്ട്‌ മണിക്കൂർ തൊഴിൽ എന്നത്‌ പന്ത്രണ്ടും പതിനാലും മണിക്കൂറായി മാറും. തൊഴിലാളികളുടെ അവകാശങ്ങൾ തിരസ്‌കരിക്കുകയാണ്‌. കോർപറേറ്റ്‌ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ്‌ കേന്ദ്രഭരണം. വൻകിട കുത്തകകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ച പ്രക്ഷോഭം ഉയർന്നുവരണം. രാജ്യത്തെ വൈദ്യുതി ഉൽപ്പാദനവും വൈദ്യുതി വിലനിർണയവും കുത്തക മുതലാളിമാരെ ഏൽപ്പിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. കേവല രാഷ്‌ട്രീയ ലാഭത്തിനും തെരഞ്ഞെടുപ്പ്‌ വിജയത്തിനുമായി യുഡിഎഫ്‌ വർഗീയശക്തികളുമായി കൂട്ടുചേരുകയാണ്‌. എസ്‌ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിന്റെ ക്യാമ്പിൽ ഉറപ്പിച്ചുനിർത്താൻ ലീഗ്‌ ആണ്‌ മുൻകൈയെടുക്കുന്നത്‌. സംസ്ഥാന സർക്കാർ തൊഴിലാളി അനുകൂലമായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെ തകർക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. തൊഴിലാളികളുടെ പക്ഷത്തുനിൽക്കുന്ന ബദൽ നയമാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top