മഞ്ചേരി
മഞ്ചേരി പട്ടണത്തെ ചെമ്പട്ടണിയിച്ച് ചുമട്ടുതൊഴിലാളി റാലി. തിങ്കൾ വൈകിട്ട് അഞ്ചരയോടെ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങിയ റാലി നഗരത്തെ വലംവച്ച് പാണ്ടിക്കാട് റോഡിലെ ഷംസു പുന്നക്കൽ നഗറിൽ സമാപിച്ചു. ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറല്‍ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചാണ് റാലി. തൊഴിലാളി നേതാക്കൾ മുന്നിൽ അണിനിരന്നു. തൊട്ടുപിറകിലായി ചെങ്കൊടിയേന്തി യൂണിഫോമിലെത്തിയ തൊഴിലാളികളും ബാൻഡ് വാദ്യങ്ങളും നൃത്തനൃത്യങ്ങളുമായി കലാകാരൻമാരും അണിനിരന്നു. കോൽക്കളിയും റാലിക്ക് പകിട്ടേകി. റോഡിന് ഇരുഭാഗങ്ങളിലുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ചു. പൊതുസമ്മേളന നഗരിയിൽ കലാവിരുന്നും അരങ്ങേറി. പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. എം ബി ഫൈസൽ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ, സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. കെ ഫിറോസ്ബാബു, യൂണിയൻ ഏരിയാ പ്രസിഡന്റ് പി കെ മുരളീധരൻ, ഒ സഹദേവൻ, എ സാദിഖ്, പി അബ്ള്ള, പി മണി, യു ഗോവിന്ദൻ, കെ സൈതലവി, വി വി കുഞ്ഞുമുഹമ്മദ്, പി ഷഹീർ, ഇ രാമദാസൻ, സി ടി മുസ്തഫ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ രാമദാസ് സ്വാഗതവും ട്രഷറർ ടി അൻസാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..