തിരൂർ
കോളേജിലെ സീനിയർ വിദ്യാർഥിനിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അശ്ലീല ഫോട്ടോ അയച്ച് പണംതട്ടിയ ജൂനിയർ വിദ്യാർഥിയെ പൊലീസ് അറസ്റ്റുചെയ്തു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിലെ നാലാംവർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയുടെ പരാതിയിൽ ബികോം വിദ്യാർഥി തെയ്യാല നന്നമ്പ്ര സ്വദേശി വിഷ്ണുജിത്ത് (18)ആണ് അറസ്റ്റിലായത്.
തമ്മിൽ പരിചയമില്ലെങ്കിലും ഏഴുമാസംമുമ്പ് വിഷ്ണുജിത്ത് പരാതിക്കാരിക്ക് റിക്വസ്റ്റ് അയച്ചു. യുവതി ഡിലീറ്റ് ചെയ്തെങ്കിലും തുടർച്ചയായി റിക്വസ്റ്റ് അയച്ചപ്പോൾ സ്വീകരിച്ചു. പിന്നീട് സന്ദേശമയച്ച് ശല്യപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ മാസം 27ന് വിദ്യാർഥിനിയുടെ സുഹൃത്ത് വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെടുത്തി. പരിശോധനയിൽ വ്യാജ അക്കൗണ്ടിൽ വിദ്യാർഥിനിയുടെ നിരവധി ഫോട്ടോകളും അപകീർത്തിയുണ്ടാക്കുന്ന കുറിപ്പും ശ്രദ്ധയിൽപ്പെട്ടു.
വീട്ടുകാരെ വിവരം അറിയിച്ചതോടെ ഒരു ബന്ധുവഴി വ്യാജ ഇൻസ്റ്റഗ്രാമിലേക്ക് സന്ദേശമയച്ചു. അശ്ലീല ചിത്രത്തിന് 2500 രൂപ നൽകാനായിരുന്നു മറുപടി. പണം അയക്കാൻ സ്‌കാനറും കൈമാറി. ഇത് നൽകിയതോടെ ബ്ലോക്ക് ചെയ്‌തു.
അന്വേഷണത്തിൽ പണംപോയത് വിഷ്ണുജിത്തിന്റെ അക്കൗണ്ടിലേക്കാണെന്ന് മനസ്സിലായി. തുടർന്ന് വിദ്യാർഥിനി തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കോട്ടക്കൽ സ്വദേശി തട്ടിപ്പിന് ഇരയായെന്നും കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..