15 November Friday

വെട്ടിക്കളയല്ലേ 
വെള്ളിലക്കാട്

കെ കെ രാമകൃഷ്‌ണൻUpdated: Saturday Jul 27, 2024
 
വേങ്ങര
വെള്ളിലക്കാട് കണ്ടാൽ ഇതൊക്കെയൊന്ന് വെട്ടിക്കളഞ്ഞുകൂടേയെന്ന്  ചിന്തിക്കുന്നവരുണ്ട്. പക്ഷേ വെള്ളയും പച്ചയും നിറങ്ങളിലുള്ള വെള്ളിലക്കാട് വെറുമൊരു കാടല്ല...! വേരുമുതൽ ഇലവരെ ഒട്ടേറെ ഔഷധ ​ഗുണമുള്ള അപൂര്‍വ സസ്യമാണിത്.
തളിരിലയ്ക്ക് വെളുത്ത നിറമെന്ന പ്രത്യേകതയുള്ള ഈ സസ്യം മുസാന്തയുടെ വർ​ഗക്കാരനാണ്. സാപ്പോണിൻ രാസഘടകമുള്ള ഇത് തലയിൽ താളിയായും ആളുകൾ പ്രയോജനപ്പെടുത്താറുണ്ട്. "അമ്മ കറുമ്പി, മകളു വെളുമ്പി, മകളുടെ മകളൊരു സുന്ദരി' എന്ന പഴഞ്ചൊല്ലും വെള്ളിലക്കാടിനെ കുറിച്ചാണ്. മഴക്കാലത്ത് നാല് മാസം മൂത്ത ഇലകൾ പച്ചയും തളിരിലകൾ വെള്ളയും പൂക്കൾ മഞ്ഞ നിറത്തിലുമായിരിക്കും. മുറിവുണക്കാനും ഫലപ്രദമാണ്. ശ്വാസ തടസ്സത്തിനും വ്രണം ശമിപ്പിക്കാനും നാട്ടിൻപുറങ്ങളിൽ ഉപയോ​ഗിക്കുന്നുണ്ട്. വെളുത്ത ഇലയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുമുണ്ട്. കാഴ്ചശക്തിക്കും വെള്ളെഴുത്തിനുള്ള പ്രതിരോധമായും ഉപയോ​ഗപ്രദമാണ്. കേശ സംരക്ഷണമാണ് മറ്റൊരു ഗുണം. പ്രസവത്തിനുശേഷം 56 ദിവസം സ്ത്രീകൾ വെള്ളിലത്താളി ഉപയോഗിച്ചിരുന്നു. വേര് വെള്ളത്തിൽ ചതച്ചു പുരട്ടുന്നത് ശരീരവേദന ശമിപ്പിക്കും. ഇതിന്റെ തൊലിക്കഷായം എണ്ണയിൽ കഴിക്കുന്നതും നല്ലതാണ്. ഇത്രയൊക്കെ ​ഗുണമെങ്കിലും പുതു തലമുറയ്ക്ക് ഇത് വെറും കാടുമാത്രം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top