22 December Sunday

ദമാം നവോദയ കോടിയേരി ബാലകൃഷ്‌ണൻ
സ്‌മാരക പുരസ്‌കാരം പാലോളിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024
മലപ്പുറം
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണാർഥം നവോദയ സാംസ്‌കാരികവേദി ദമാം നൽകുന്ന പുരസ്‌കാരം മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
തദ്ദേശഭരണ രംഗത്തെ സമഗ്ര സംഭാവനക്കാണ്‌ പുരസ്‌കാരം. ഒരുലക്ഷം രൂപയും ഫലകവുമുള്ള പുരസ്‌കാരം ആഗസ്‌ത്‌ നാലിന്‌ വൈകിട്ട്‌ പൊന്നാനി എ വി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കും. 
സംസ്ഥാനത്തെ മികച്ച മൂന്ന്‌ കുടുംബശ്രീ സിഡിഎസുകൾക്കുള്ള പുരസ്‌കാരം കണ്ണൂർ കുറുമാത്തൂർ പഞ്ചായത്തിനും കാസർകോട്‌ കിനാനൂർ കരിന്തലം പഞ്ചായത്തിനും മലപ്പുറത്തെ പൊന്നാനി നഗസരസഭയ്‌ക്കും നൽകും. 25,000 രൂപയും പ്രശ്‌സതി പത്രവും ഉപഹാരവുമാണ്‌ പുരസ്‌കാരം. 
പുരസ്‌കാരവിതരണ പരിപാടിയിൽ നവോദയ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ഡോ. ടി എം തോമസ്‌ ഐസക്‌, പി നന്ദകുമാർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ്‌  എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പുരസ്‌കാര നിർണയ സമിതി അംഗങ്ങളായ കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. എ ജി  ഒലീന, ഐഎംജി ഫാക്കൽറ്റി ഡോ. അനീഷിയ ജയദേവ്‌, സ്വഗതസംഘം ജനറൽ കൺവീനർ എം എം നഹീം, നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്‌, നവോദയ കേന്ദ്ര ജോയിന്റ്‌ സെക്രട്ടറി നൗഫൽ വെളിയങ്കോട്‌,  നവോദയ മുൻ രക്ഷാധികാരി എം എം മുസ്‌തഫ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top