05 November Tuesday
ദേശീയ ആരോ​ഗ്യദൗത്യം

ജില്ലയില്‍ 7.32 കോടിയുടെ പദ്ധതികള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
മലപ്പുറം
സർക്കാർ ആശുപത്രികളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ദേശീയ ആരോ​ഗ്യദൗത്യം (ആരോ​ഗ്യ കേരളം) മുഖേനെ ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് 7.32 കോടി രൂപയുടെ പദ്ധതികൾ. കഴിഞ്ഞദിവസം അ​ഗീ​കാരം ലഭിച്ച 69.35 കോടി രൂപയുടെ പദ്ധതികളിലാണ് ഇവ ഉള്‍പ്പെടുന്നത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങിളിലെ അടിസ്ഥാനസൗകര്യ വി​കസനത്തിനും ദേശീയ ആരോ​ഗ്യദൗത്യത്തിന്റെ പരിശീലനകേന്ദ്രം നിര്‍മാണത്തിനുമാണ് അം​ഗീകാരം ലഭിച്ചത്. 
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പുതിയ ഒപി കെട്ടിടം പണിയാനാണ് അനുമതി. 89.64 ലക്ഷം രൂപ ചെലവില്‍ നിലവിലുള്ള കെട്ടിടത്തില്‍ ഒരുനില അധികം പണിയുകയാണ് ലക്ഷ്യം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡ് നവീകരണവും പ്രസവ ശസ്ത്രക്രിയാനന്തര വാര്‍ഡ് നിര്‍മാണവും നടക്കും.
 നിലവിലുള്ള കെട്ടിടത്തില്‍ ഒരുനിലകൂടി പണിയും. 2.09 കോടി രൂപയുടെ പദ്ധതിക്കാണ് ഇവിടെ അനുമതി ലഭിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നേത്രരോ​ഗ ഓപറേഷന്‍ തിയേറ്ററും വാര്‍ഡും ഒരുക്കും. ഒരുകോടി രൂപയുടേതാണ് പദ്ധതി. മഞ്ചേരി ചെരണിയിലാണ് ദേശീയ ആരോ​ഗ്യദൗത്യം പരിശീലനകേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്തി. 3.33 കോടി രൂപയുടെ പദ്ധതിയില്‍ സ്കില്‍ ലാബ് നിര്‍മാണവും ഉള്‍‌പ്പെട്ടിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെ പ്രവൃത്തികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കുകയാണ് ലക്ഷ്യം. 
നാല് നിര്‍മാണങ്ങള്‍ക്കുമുള്ള വിശദ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കല്‍ ആരംഭിച്ചു. ഇതിനായി പ്രത്യേകസംഘം സ്ഥലസന്ദര്‍ശനം നടത്തി. ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി കേരള എനര്‍ജി കണ്‍സര്‍വേറ്റീവ് ബില്‍ഡിങ് കോഡ് റൂളും ​ഗ്രീന്‍ ബില്‍ഡിങ് റേറ്റിങ്ങും അനുസരിച്ചാകും നിര്‍മാണം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോ​ഗിച്ചാണ് ദേശീയ ആരോഗ്യദൗത്യം പദ്ധതികള്‍ നടപ്പാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top