17 September Tuesday

സാമൂഹ്യവിരുദ്ധരുടെ താവളമായി എടരിക്കോട്‌ സ്‌പിന്നിങ്‌ മിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

എടരിക്കോട് സ്പിന്നിങ് മില്ലിന്റെ ബ്ലോ റൂമിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന കോട്ടൺ നൂൽ കോണുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചനിലയിൽ

കോട്ടക്കൽ
അടഞ്ഞുകിടക്കുന്ന എടരിക്കോട് സ്‌പിന്നിങ് മില്ലിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. മില്ലിനകത്ത് കയറി സാധനസാമഗ്രികൾ നശിപ്പിക്കുന്നതും മോഷണശ്രമം നടത്തുന്നതും വർധിച്ചു. എട്ടുമാസമായി അടഞ്ഞുകിടക്കുന്ന കമ്പനി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. 16ന്‌ രാത്രി ശബ്ദംകേട്ട് നോക്കിയപ്പോൾ കുറച്ചുപേർ ഓടിപ്പോകുന്നത് കണ്ടെന്ന്‌ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. 
രാവിലെ പരിശോധിച്ചപ്പോൾ ബ്ലോ റൂമിന്റെ ചില്ലുകൾ തകർത്തതായി കണ്ടു. ചാക്കിൽ സൂക്ഷിച്ച കോട്ടൺ, നൂൽ കോൺ എന്നിവ നശിപ്പിച്ചിരുന്നു. സമീപത്തെ ഫയർ എക്‌സ്‌റ്റിൻഗ്വിഷർ പ്രവർത്തിപ്പിച്ച് ക്യാബിൻ അലങ്കോലമാക്കി. അഞ്ച്‌ കോടിയിലധികം രൂപ വിലവരുന്ന മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. പവർ ഹൗസിന്റെ ജനൽ തകർത്ത് ജനറേറ്റർ, മോട്ടോർ തുടങ്ങിയവയുടെ ഭാഗങ്ങൾ അഴിച്ചെടുത്ത് നശിപ്പിച്ചു. ഇവ സമീപത്തെ കാടുപിടിച്ച വഴിയിൽ കൂട്ടിയിട്ടതായും കണ്ടെത്തി.
സ്റ്റോറൂമിന്റെ ജനൽ ചില്ലുകൾ ഭൂരിഭാഗവും എറിഞ്ഞുടച്ചിട്ടുണ്ട്. ഷെഡിൽ നിർത്തിയിട്ട വാഹനം 100 മീറ്റർ തള്ളിക്കൊണ്ടുപോയി മുൻവശത്തെ ചില്ല്‌ തകർത്തു. 25 ഏക്കറോളംവരുന്ന കമ്പനി പരിസരം കാടുപിടിച്ചുകിടക്കുന്നതിനാൽ തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറി. ഏക സിസിടിവി കാമറയും  പ്രവർത്തിക്കുന്നില്ല. ചുറ്റുമതിലായി ഉപയോഗിച്ചിരുന്ന കമ്പിവേലി ഭൂരിഭാഗവും തുരുമ്പെടുത്തു. കമ്പനി ജനറൽ മാനേജർ പരാതി നൽകിയതോടെ പൊലീസ് പരിശോധന ശക്തമാക്കി. വൈദ്യുതി പുനഃസ്ഥാപിച്ച് സിസിടിവി കാമറയും ലൈറ്റും പ്രവർത്തിപ്പിച്ചാൽ പ്രശ്നത്തിന് നേരിയ കുറവുണ്ടാകുമെന്ന്‌ സുരക്ഷാ ജീവനക്കാരൻ രാധാകൃഷ്‌ണൻ പറഞ്ഞു. 
സ്ഥാപനവും സാമഗ്രികളും സംരക്ഷിക്കണം
സ്ഥാപനത്തിനും കോടിക്കണക്കിന് രൂപ വിലവരുന്ന യന്ത്രങ്ങളും സംരക്ഷിക്കണമെന്ന്‌ എടരിക്കോട് ടെക്‌സ്‌റ്റൈൽസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു.  സുരക്ഷാ ജീവനക്കാർക്ക് വൈദ്യതി, -കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top