തവനൂർ പഞ്ചായത്ത്
വാർഷിക പദ്ധതിയിൽ
മുഴുവൻ സ്‌കൂളിലും
‘ദേശാഭിമാനി അക്ഷരമുറ്റം’
തവനൂർ
ദേശാഭിമാനി കൈയിൽ കിട്ടിയപ്പോൾ വേഗം പത്താം പേജിലേക്ക് പോയ കുട്ടികളിൽ ചിലർ അക്ഷരമുറ്റം പേജ് കണ്ടപ്പോൾ ആർത്തുവിളിച്ചു. അവർക്ക് പഠിക്കാനുള്ളതൊക്കെയാണ് പേജിൽ. അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിൽ പങ്കെടുത്തവരാണ് ഏറെപേരും. ‘അടുത്തവർഷവും പങ്കെടുക്കണം’–- കൂട്ടത്തിലെ ഒരു നാലാംക്ലാസുകാരന്റെ പ്രതികരണം. ദേശാഭിമാനി പത്രം വീണ്ടും സ്‌കൂളിലെത്തുന്നതിന്റെ ഉദ്‌ഘാടനച്ചടങ്ങിനിടെയായിരുന്നു കുട്ടികളുടെ സന്തോഷം.
തവനൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും പത്രം നൽകുന്നതിന്റെ ഉദ്‌ഘാടനമായിരുന്നു തവനൂർ കേളപ്പജി മെമ്മോറിയൽ ഗവ. യുപിയിൽ. എൽപി, യുപി സ്‌കൂളുകളിലായി പഞ്ചായത്തിലെ ഒമ്പതു സ്‌കൂളുകളില്‍ 100 പത്രമാണ് പഞ്ചായത്ത് നൽകിവരുന്നത്. തുടർച്ചയായി മൂന്നാം വർഷമാണ് പഞ്ചായത്തിന്റെ ദേശാഭിമാനി വിതരണം. ജില്ലാ ആസൂത്രണ സമിതി അംഗം ഇ എൻ മോഹൻദാസാണ് ഉദ്‌ഘാടനം നിർവഹിച്ചത്. കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചും സംസാരിച്ചും അദ്ദേഹം വീണ്ടും അധ്യാപകനായി. പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ അധ്യക്ഷയായി. കെ പി വേണു, ബി ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എസ് ബിന്ദു സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശിവദാസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..