കരിപ്പൂർ
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ (റെസ) നിര്‍മാണം പുരോഗമിക്കുന്നു. വികസനത്തിന് സംസ്ഥാന സർക്കാരാണ് വിമാനത്താവള അതോറിറ്റിക്ക്
ഭൂമി ഏറ്റെടുത്ത് നൽകിയത്. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും വീടുകളും പൊളിച്ചുമാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കി. റൺവേ പ്രവൃത്തിക്ക് ആവശ്യമായ മണ്ണ് ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാന സർക്കാർ ആരംഭിച്ചു. റൺവേ വികസനത്തിന് 33 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് ആവശ്യമാണ്. ഇതിനായി 12 മുതൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള മൈനിങ് സൈറ്റുകൾ ജില്ലയിൽത്തന്നെ കണ്ടെത്തി.
റണ്‍വേയിലെ റെസ നിര്‍മാണത്തിന് 12.5 ഏക്കര്‍ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകി. ഇതിനായി 70 കോടി രൂപയും സംസ്ഥാനം അനുവദിച്ചു. 2022ലാണ് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. 2023 ഒക്ടോബർ 20ന് ഭൂമി പൂർണമായും ഏറ്റെടുത്ത് അതോറിറ്റിക്ക് കൈമാറി. നിലം നിരപ്പാക്കി. മണ്ണിടുന്ന പ്രവൃത്തിയാണ് ഇനി നടക്കേണ്ടത്. 78 ഭൂവുടമകള്‍ മണ്ണെടുപ്പിന് അനുമതി അറിയിച്ചിട്ടുണ്ട്. ജിയോളജി വിഭാഗത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. മണ്ണ് അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. റെസ നിര്‍മാണത്തിനുള്ള മറ്റ് രേഖകള്‍ ലഭ്യമായിട്ടുണ്ട്.
റൺവേയുടെ രണ്ടറ്റവും വികസിപ്പിക്കാനാണ് ഭൂമി ഏറ്റെടുത്ത് നിൽകിയത്. കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽനിന്നാണ് ഭൂമി ഏറ്റെടുത്തത്. റെസ നിർമാണം പൂർത്തിയായാൽ മാത്രമെ വലിയ വിമാനങ്ങൾക്കടക്കം കരിപ്പൂരിലേക്ക് സർവീസിന് അനുമതി നൽകാൻ സാധ്യതയുള്ളൂ. പ്രവൃത്തി നീളുന്നത് വിമാനത്താവളത്തെ ബാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..