28 December Saturday

ഭാഷാപിതാവിന്റെ സ്മാരക തലപ്പത്തേക്ക് കാവ്യാചാര്യന്റെ കുടുംബാംഗം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018
 
തിരൂർ > മലയാള കാവ്യാചാര്യന്റെ താവഴിയിൽനിന്ന് മലയാള സർവകലാശാലയുടെ തലപ്പത്തേക്ക് അനിൽ വള്ളത്തോൾ. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കുടുംബത്തിൽനിന്നുള്ളയാളാണ് അനിൽ. 
മംഗലം ചേന്നരയിലെ പരേതയായ വള്ളത്തോൾ ശാന്തകുമാരിയുടെയും കുറ്റിപ്പുറത്ത് ചന്ദ്രശേഖരൻ നായരുടെയും മകനാണ് അനിൽ വള്ളത്തോൾ. 1986‐ൽ കലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം നേടി. തളിപ്പറമ്പ് സർ സയ്ദ് കോളേജ്, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2006 മുതൽ കലിക്കറ്റ് സർവകലാശാലയിൽ അധ്യാപകനാണ്. കലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം 2012 മുതൽ 2014 വരെ സർവകലാശാലാ മലയാള വിഭാഗം  മേധാവിയായും പ്രവർത്തിച്ചു. 
കേന്ദ്ര സാഹിത്യഅക്കാദമിയിലെ മലയാള ഭാഷാ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. പതിനഞ്ചോളം പുസ്തകവും എഴുപതോളം ഗവേഷണ പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ യുജിസിയുടെ നേതൃത്വത്തിൽ ലിറ്റററി ഹിസ്റ്റോറിയോഗ്രഫി ഇൻ മലയാളം എന്ന വിഷയത്തിൽ 41 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി. കലിക്കറ്റ്, എംജി സർവകലാശാലകളിൽ ബിരുദപഠന സിലബസിൽ അനിൽ വള്ളത്തോളിന്റെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇദ്ദേഹം നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top