പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് എൺപതു വയസ്സായി. അദ്ദേഹത്തെ പരിചയമുള്ള ശിഷ്യർക്കും സുഹൃത്തുക്കൾക്കും ഇതു കേൾക്കുമ്പോൾ അത്ഭുതം തോന്നാം. കാരണം, മുപ്പതുകൊല്ലം മുമ്പ് ഉണ്ണി സാറിനെ കണ്ടവർക്ക് ഇപ്പോൾ അദ്ദേഹത്തിൽ ഒരു മാറ്റവും കാണാനാവില്ല. അതേ രൂപം, പ്രകൃതം, സംസാരം, വാത്സല്യം.
1939ൽ മേനോക്കൈമൾ വാസുദേവനുണ്ണിത്താന്റെയും ചാത്തനാത്ത് മാധവിക്കുട്ടിയമ്മയുടെയും മകനായി ഗുരുവായൂരിലാണ് അച്യുതനുണ്ണി ജനിച്ചത്. സാഹിത്യ വിശാരദ, എംഎ സംസ്കൃതം, എംഎ മലയാളം എന്നീ ബിരുദങ്ങൾ നേടി. മലയാള സാഹിത്യത്തിൽ പിഎച്ച്ഡി ബിരുദം സമ്പാദിച്ചു. 1957 മുതൽ 64 വരെ ഹൈസ്കൂൾ അധ്യാപകനായി. 1965–-71 കാലത്ത് പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ അധ്യാപകനായി. 1971–-ൽ കലിക്കറ്റ് സർവകലാശാലാ മലയാള വിഭാഗത്തിൽ അധ്യാപകനായ അദ്ദേഹം 2000–ൽ വിരമിച്ചു.
വള്ളത്തോൾ വിദ്യാപീഠം എന്ന സാംസ്കാരിക സ്ഥാപനത്തിന്റെ സ്ഥാപക സെക്രട്ടറിയാണ്. കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാഷാശാസ്ത്രം, കാവ്യമീമാംസ, സാഹിത്യവിമർശനം എന്നീ മേഖലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകി. ഇതെല്ലാം കണക്കിലെടുത്ത് കേരളസാഹിത്യ അക്കാദമി അദ്ദേഹത്തിന് സമഗ്രസംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചു. ധ്വന്യാലോകത്തിനും വക്രോക്തിജീവിതത്തിനും അദ്ദേഹം തയ്യാറാക്കിയ വിവർത്തനം ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.
കാവ്യശാസ്ത്രത്തെക്കുറിച്ചാണ് അദ്ദേഹം ഏറെയും എഴുതിയിട്ടുള്ളതെങ്കിലും ഉണ്ണിസാർ ഒരു കവികൂടിയാണെന്ന കാര്യം പുതിയ തലമുറയ്ക്ക് അറിയണമെന്നില്ല. ചെറുപ്പകാലത്ത് താൻ അപസർപ്പക നോവലും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഒരിക്കലദ്ദേഹം പറഞ്ഞപ്പോൾ അവിശ്വസനീയമായിത്തോന്നി. ചുരുക്കത്തിൽ ഏത് ഭാഷാവ്യവഹാരവും കൈപ്പിടിയിലൊതുക്കാൻ ശേഷിയുള്ള പ്രതിഭയാണദ്ദേഹം. സംസ്കൃതവിജ്ഞാനത്തെ ആധുനിക സമൂഹരൂപീകരണത്തിനുതകുംവിധം പുനഃസൃഷ്ടിക്കുന്ന ഒരു പാരമ്പര്യം കേരളത്തിലുണ്ട്.
പുന്നശ്ശേരിയുടെ കളരിയോളമെങ്കിലും അതിന് പഴക്കമുണ്ട്. ഡോ. കെ കുഞ്ചുണ്ണിരാജ, പ്രൊഫ. എം എസ് മേനോൻ, ഡോ. എൻ വി പി ഉണിത്തിരി എന്നിവരെല്ലാം ഈ പരമ്പരയിൽ പെട്ടവരാണ്. സുവർണഭൂതകാലത്തിന്റെ ശേഷിപ്പായല്ല അവർ സംസ്കൃതത്തെ കണ്ടത്. ആധുനിക ചരിത്ര ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ സംസ്കൃതത്തിന്റെ ജ്ഞാനവ്യവസ്ഥയെ സമീപിച്ചത്. ഈ പാരമ്പര്യത്തോട് ചേർത്തുവയ്ക്കേണ്ട ഒരത്ഭുത പ്രതിഭയാണ് പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണി.
ഡോ. കെ എം അനിൽ
(ഡയറക്ടർ, മലയാള
സർവകലാശാല
എഴുത്തച്ഛൻ പഠന കേന്ദ്രം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..