മലപ്പുറം
ഒരു ട്രിപ്പ് പോയാൽ ഫോട്ടോയും വീഡിയോയുമെടുത്ത് സ്റ്റാറ്റസും റീലുമിടുന്നവരാണ് നമ്മളിൽ പലരും. യുവതയിലാണ് ഈ ശീലം കൂടുതൽ. യുവതയുടെ ഈ താൽപ്പര്യം ജില്ലയിലെ ടൂറിസം വികസനത്തിന് ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് വിനോദസഞ്ചാര വകുപ്പ്. സ്റ്റാറ്റസിലൂടെയും റീലിലൂടെയും വിനോദസഞ്ചാര കേന്ദ്രത്തിന് ലഭിക്കുന്ന പ്രചാരണം പരമാവധി ഉപയോഗപ്പെടുത്തി ടൂറിസം വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം.
കോളേജ് ടൂറിസം ക്ലബ്ബുകളിലെ വിദ്യാർഥികളെയാണ് ഉപയോഗപ്പെടുത്തുക. ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം നൽകും. അവിടങ്ങളിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ വിദ്യാർഥികൾക്ക് അറിയിക്കാം. പുത്തൻസാധ്യതകൾ അവതരിപ്പിക്കാനും അവസരം ലഭിക്കും. വിദ്യാർഥികളുടെ ആശയങ്ങളും കർമശേഷിയും പ്രയോജനപ്പെടുത്തും. ടൂറിസം മേഖലയിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, അറിവ് വളർത്തുക, തൊഴിലനുസൃത നൈപുണി വളർത്തുക, വ്യക്തിവികാസം സാധ്യമാക്കുക, ടൂറിസം സംരംഭകത്വ സാധ്യതകൾ സൃഷ്ടിക്കുക തുടങ്ങിവയും ലക്ഷ്യമാണ്. കേരള ടൂറിസത്തിന്റെ യുവ അംബാസഡർമാരായി ഈ വിദ്യാർഥികൾ മാറും. ജില്ലയിലെ 45 കോളേജുകളിലാണ് ടൂറിസം ക്ലബ്ബുകൾ രൂപീകരിച്ചത്. അധ്യാപക കോ–-ഓർഡിനേറ്ററും വിദ്യാർഥി കോ–-ഓർഡിനേറ്ററുമുണ്ടാകും. ജില്ല–-സംസ്ഥാന കോ–-ഓർഡിനേറ്റർമാരും പ്രവർത്തനം വിലയിരുത്തും.
പ്രൊഫഷണലുകളെ
കണ്ടെത്തും
സമൂഹമാധ്യമങ്ങളിൽ ടൂറിസം കേന്ദ്രങ്ങളുടെ പ്രചാരണത്തിന് വിദ്യാർഥികളിലെ വ്ലോഗർമാരെ ഉപയോഗപ്പെടുത്തും. ഇവർക്ക് പാർട് ടൈമായി വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഭാവി പ്രൊഫഷണലുകളെ വളർത്തുന്നതിനും വിദ്യാർഥികളെ പ്രകൃതി– പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ടൂറിസം ക്ലബ്ബുകൾ ശ്രമിക്കും. വിദേശ സർവകലാശാലകളുമായി ചേർന്ന് സാംസ്കാരിക ഇടപെടലുകളും ശിൽപ്പശാലകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ ടൂറിസം അനുബന്ധ പരിപാടികളിൽ പങ്കെടുക്കാനും അംഗങ്ങൾക്ക് അവസരം ലഭിക്കും.
ടൂറിസം ക്ലബ്ബുകൾക്ക്
രജിസ്റ്റര്‍ചെ28-07-2024യ്യാം
www.tourismclubkerala.org വെബ്സൈറ്റിലൂടെ ടൂറിസം ക്ലബ് ആരംഭിക്കാൻ അപേക്ഷിക്കാം. യൂണിറ്റ് ലെവൽ ആപ്ലിക്കേഷൻ ടാബിലൂടെ കോളേജുകൾക്ക് രജിസ്റ്റര്‍ചെയ്യാം. കോളേജുകൾ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രത്തെ ദത്ത് വില്ലേജായി തെരഞ്ഞെടുക്കണം. ഒരു ക്ലബ്ബിൽ പരമാവധി 50 പേർക്ക് അംഗങ്ങളാകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..