തിരൂരങ്ങാടി
കൗൺസിൽ യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ തമ്മിലുള്ള പോരിൽ സ്വയംരക്ഷയ്‌ക്കായി ഹെൽമെറ്റ് ധരിച്ചെത്തി എൽഡിഎഫ് അംഗങ്ങൾ. തിരൂരങ്ങാടി നഗരസഭയിലാണ് വ്യത്യസ്‌ത പ്രതിഷേധം. ശനിയാഴ്ച ഉച്ചയ്‌ക്കുശേഷം നടന്ന കൗൺസിൽ യോഗത്തിലേക്കാണ് എൽഡിഎഫ് അംഗങ്ങളായ സി എം അലി, നദീറ കുന്നത്തേരി, ഉഷ തയ്യിൽ എന്നിവർ ഹെൽമെറ്റ് ധരിച്ചെത്തിയത്.
കഴിഞ്ഞ നഗരസഭാ യോഗത്തിൽ ഭരണകക്ഷികളായ മുസ്ലിംലീഗിന്റെ സ്ഥിരംസമിതി അധ്യക്ഷൻ സി പി ഇസ്മായീലും കോൺഗ്രസ് അംഗം തടത്തിൽ അലിമോനും തമ്മിൽ വാഗ്വാദവും പോർവിളിയും നടന്നിരുന്നു. അടിയുടെ വക്കോളമെത്തിയ തർക്കം മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ശാന്തമാക്കിയത്.
ശനിയാഴ്ചയിലെ യോഗത്തിലും ഇതിന്റെ തുടർച്ചയുണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ എൽഡിഎഫ് അംഗങ്ങൾ ഹെൽമെറ്റ് ധരിച്ച് എത്തുകയായിരുന്നു. നഗരസഭയിലെ മാലിന്യനീക്കത്തിൽ യുഡിഎഫിൽത്തന്നെ തർക്കം രൂക്ഷമാണ്. പ്രശ്നം കൈകാര്യംചെയ്യാൻ സാധിക്കാത്ത ആരോഗ്യസമിതി അധ്യക്ഷൻ സ്ഥാനമൊഴിയണമെന്ന് അലിമോൻ ആവശ്യപ്പെട്ടതാണ് സി പി ഇസ്മായീലിനെ ചൊടിപ്പിച്ചത്. പ്രതിസന്ധി ഇനിയും പരിഹരിച്ചിട്ടില്ല. വെഞ്ചാലി എംസിഎഫിലെ മാലിന്യനീക്കത്തിന് ഒരു കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ കുറച്ച് മാലിന്യംമാത്രമാണ് നീക്കിയത്. ബാക്കിയുള്ളത് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കയാണ്. വീടുകളിലെ മാലിന്യം ഹരിത കർമസേനാ പ്രവർത്തകർ രണ്ടുമാസത്തിലേറെയായി ശേഖരിക്കുന്നില്ല. മാലിന്യവിഷയത്തിൽ നഗരസഭ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് എൽഡിഎഫ് കൗൺസിലർ സി എം അലി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..