പൊന്നാനി
പൊന്നാനി പിസിസി മാർക്കറ്റിങ് സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന ഭൂമി ചുളുവിലയ്ക്ക് ലേലംചെയ്ത് സ്വകാര്യ വ്യക്തിക്ക് മറിച്ചുവിറ്റ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞതിലൂടെ പുറത്തായത് യുഡിഎഫ് ഭരണസമിതിയുടെ തീവട്ടിക്കൊള്ള. സിപിഐ എം എടപ്പാൾ ലോക്കൽ സെക്രട്ടറിയായിരുന്ന പി പി മോഹൻദാസാണ് ഭൂമികൊള്ളക്കെതിരെ പരാതി നൽകിയത്. ഇതേതുടർന്നാണ് ഭൂമി വിൽപ്പന തടഞ്ഞ് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയത്. രജിസ്ട്രാറുടെ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെയാണ് യുഡിഎഫ് ഭരണസമിതി സുപ്രീംകോടതിയെ സമീപിച്ചത്.
സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്ന എടപ്പാൾ തട്ടാൻപടിയിലെ പൊന്നുംവിലയുള്ള 37 സെന്റ് ചുളുവിലയ്ക്ക് വിറ്റ യുഡിഎഫ് ഭരണസമിതിയുടെ കൊള്ളക്കാണ് സുപ്രീംകോടതി കൂച്ചുവിലങ്ങിട്ടത്. സെന്റിന് ആറുമുതൽ ആറര ലക്ഷംവരെ വിലമതിക്കുന്ന ഭൂമി 1.32 ലക്ഷത്തിനാണ് എംഡിസി ബാങ്ക് സ്വകാര്യ വ്യക്തിക്ക് വിറ്റത്. മതിപ്പുവില അനുസരിച്ച് 37 സെന്റിന് രണ്ടേകാൽ കോടിക്കുപുറത്ത് വിലവരും. എന്നാൽ വെറും 26.82 ലക്ഷത്തിനാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലേലംചെയ്തത്.
പലിശയടക്കം ഒരുകോടിയോളം രൂപ സൊസൈറ്റിക്ക് ജില്ലാ സഹകരണ ബാങ്കിൽ ബാധ്യതയുണ്ടായിരിക്കെയാണ് തുഛ വിലയ്ക്ക് ലേലമുറപ്പിച്ചത്. ഈ തുക പൂർണമായും ബാങ്ക് പലിശയിനത്തിലേക്ക് മാറ്റി. സൊസൈറ്റി ഭൂമി എംഡിസി ബാങ്കിന് രജിസ്റ്റര്‍ചെയ്ത് നൽകുകയും ചെയ്തു. തുടർന്ന് ഈ ഭൂമി ബാങ്ക് സ്വകാര്യ വ്യക്തിക്ക് 48,90,000 രൂപയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നു.
കോടികൾ വിലമതിക്കുന്ന ഭൂമിയാണ് ഇത്തരത്തിൽ ചുളുവിലയ്ക്ക് വിറ്റത്. ഇതിനെതിരെ മോഹൻദാസ് മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകി. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. വിൽപ്പന റദ്ദാക്കി ഉത്തരവിറക്കി. ഈ നിയമ പോരാട്ടമാണ് സുപ്രീംകോടതി ശരിവച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..