28 November Thursday
സിപിഐ എം എടപ്പാൾ ഏരിയാ സമ്മേളനം സമാപിച്ചു

ചമ്രവട്ടം പദ്ധതി ചോര്‍ച്ചതടഞ്ഞ് 
ജലസംഭരണം ഉറപ്പുവരുത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

സിപിഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തി​ന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു

എടപ്പാള്‍
ഭാരതപ്പുഴ ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ അനുബന്ധമായ ചമ്രവട്ടം പദ്ധതി ചോര്‍ച്ചതടയലും കോള്‍മേഖലാ വികസനവും സാധ്യമാക്കി സമഗ്രമാക്കണമെന്ന് സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനം  ആവശ്യപ്പെട്ടു. 
ഭാരതപ്പുഴയില്‍നിന്ന് പുതിയ തോട് നിര്‍മിച്ച് നരിപ്പറമ്പുവഴി ബിയ്യം കായലിലേക്ക് വെള്ളം പമ്പുചെയ്ത് നൂറടിതോട് വികസനവും ബിയ്യംമുതല്‍ വെട്ടിക്കടവുവരെ കോള്‍നിലങ്ങളിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നെല്‍കൃഷി വികസനരംഗത്ത് സമഗ്രത ഉറപ്പാക്കാനുമാകും. ചമ്രവട്ടം പദ്ധതിയുടെ ചോര്‍ച്ചതടഞ്ഞ്  ജലസംഭരണം ഉറപ്പാക്കാന്‍ കഴിയണം.  അതുവഴി പൊന്നാനി കോൾമേഖലയിലെ കാർഷിക അഭിവൃദ്ധിക്ക്‌ മുതൽക്കൂട്ടാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 
കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (അയിലക്കാട് കദീജ കാസില്‍) ബുധനാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിൽ  പി വിജയന്‍, എം മുസ്തഫ, പി മുരളി കാലടി, മിസിരിയ സൈഫുദ്ദീന്‍, പി പി ബിജോയ്, കെ വി ഷെഹീര്‍ എന്നിവര്‍ പ്രമേയങ്ങളും എ സിദ്ദീഖ്  ക്രഡൻഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിമേലുള്ള ചര്‍ച്ചക്ക് ഏരിയാ സെക്രട്ടറി ടി സത്യന്‍, സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ, ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് എന്നിവര്‍ മറുപടി പറഞ്ഞു. കെ പ്രഭാകരൻ നന്ദി പറഞ്ഞു.
സമ്മേളനത്തിന്  സമാപനംകുറിച്ച് നടുവട്ടം സെന്ററില്‍നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടന്നു. സീതാറാം യെച്ചൂരി നഗറില്‍ (എടപ്പാള്‍–-പൊന്നാനി റോഡ്‌) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി സത്യൻ അധ്യക്ഷനായി.  
സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍, കെ ടി ജലീല്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി പി മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.
 
കേരളത്തിലേത്‌ പ്രഖ്യാപിച്ച 
കാര്യങ്ങൾ നടപ്പാക്കുന്ന സർക്കാർ: പി എ മുഹമ്മദ്‌ റിയാസ്‌
എടപ്പാൾ
പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും തരണംചെയ്‌ത്‌ പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ള ഇഛാശക്തി ഇടതുപക്ഷ സര്‍ക്കാരിനുണ്ട്‌. അതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന്‌ ജനം ആഗ്രഹിക്കുന്നത്‌. 60 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 
ബിജെപിക്ക് കുഴലൂതുന്ന സമീപനമാണ് കോണ്‍ഗ്രസും ലീഗും സ്വീകരിക്കുന്നത്‌. കേന്ദ്ര സഹായത്തിനായി ഒരുമിച്ചുനിൽക്കുന്നതിന്‌ പകരം മാറിനില്‍ക്കുന്ന സമീപനമാണ് യുഡിഎഫ് എടുത്തതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.
 
ടി സത്യന്‍ 
എടപ്പാള്‍ ഏരിയാ സെക്രട്ടറി
 
എടപ്പാൾ
സിപിഐ എം എടപ്പാള്‍ ഏരിയാ സെക്രട്ടറിയായി ടി സത്യനെ വീണ്ടും തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റിയംഗങ്ങള്‍: 
സി രാമകൃഷ്ണന്‍, എം ബി ഫൈസല്‍, പി വിജയന്‍, ഇ രാജഗോപാല്‍, വി വി കുഞ്ഞുമുഹമ്മദ്, എം മുസ്തഫ, എസ് സുജിത്ത്, പി പി മോഹന്‍ദാസ്, കെ പ്രഭാകരന്‍, ആരിഫ നാസര്‍, എ സിദ്ദീഖ്, ഇ വി മോഹനന്‍, എന്‍ വി ഉണ്ണി, ആര്‍ ഗായത്രി, കെ വിജയന്‍, ടി കെ സൂരജ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top