14 October Monday
സുലൈഖ വധം

കൊലപാതകിയായ ബാപ്പക്കെതിരെ രോഷത്തോടെ മക്കൾ

സ്വന്തം ലേഖകൻUpdated: Saturday Jul 29, 2023

സുലൈഖ വധക്കേസിലെ പ്രതി പൊലീസിനോട്‌ കൊലപാതകം നടത്തിയ രീതി വിവരിക്കുന്നു

 
പൊന്നാനി
‘നിങ്ങളെ പച്ചക്ക് തൂക്കിലേറ്റണം, കൊടുംപാപിയായ നിങ്ങളുടെ മകളായി എന്തിന് എന്നെ ജനിപ്പിച്ചു’. ഉമ്മയെ കുത്തി കൊലപ്പെടുത്തിയ ബാപ്പയെ തെളിവെടുപ്പിനായി പൊന്നാനിയിലെ വീട്ടിലെത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽനിന്ന് പ്ലസ്ടു വിദ്യാർഥിയായ മകൾ  ഫാത്തിമത്തുൽ ഫിദയും അഞ്ചാം ക്ലാസുകാരനായ അബു സെയ്ദും തൊണ്ടകീറും ഉച്ചത്തിൽ അലറിവിളിച്ചു. ആ കുരുന്നുകളെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു നാട്. പൊന്നാനി ആലിങ്ങൽ സുലൈഖയെ കുത്തി കൊലപ്പെടുത്തിയശേഷം ഹൈദരാബാദിലേക്ക് കടന്ന ഭർത്താവ്‌ പടിഞ്ഞാറേക്കര പഞ്ചിലകത്ത് യൂനസ് കോയയെ നാട്ടിലെത്തിച്ച് തെളിവെടുപ്പിനായാണ്‌ പൊലീസ് വീട്ടിൽ എത്തിച്ചത്‌. 
അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി വെള്ളി പകൽ പതിനൊന്നോടെയാണ്‌ പൊന്നാനി ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനുകൊണ്ടുവന്നത്‌. 
പ്രതിയെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞതോടെ നാട്ടുകാർ കൂട്ടമായെത്തി. ജനക്കൂട്ടം രോഷാകുലരായെങ്കിലും പൊലീസ് സംരക്ഷണമൊരുക്കി. മക്കളുടെ നിലവിളിയും നാടിന്റെ ശാപവാക്കുകളും അലയടിക്കുമ്പോഴും പ്രതിയുടെ മുഖത്ത്‌ കാര്യമായ ഭാവമാറ്റം ഒന്നുമുണ്ടായില്ല. 
കുറ്റബോധം ഒട്ടുമില്ലാതെ 
‘ഇരുട്ടിൽ ഒളിച്ചിരുന്ന് കുളിമുറിയിൽനിന്ന്‌ ഇറങ്ങിവരുന്ന സുലൈഖയുടെ കൈയിൽ പിടിച്ച് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു’. മക്കളെയും ജനസഞ്ചയത്തെയും സാക്ഷി നിർത്തി കൊലപാതക രീതി വിവരിക്കുമ്പോൾ പ്രതി യൂനസ് കോയയുടെ മുഖത്ത് കുറ്റബോധത്തിന്റെ അംശംപോലും പ്രതിഫലിച്ചില്ല. ‘കുളിമുറി ചെറിയതായതിനാൽ പുറത്തേക്ക് വലിച്ച്  കമ്പിപ്പാരകൊണ്ട് അടിച്ചു. മോളേ എന്ന് നിലവിളിച്ച് അകത്തേക്ക് ഓടാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് കുത്തി. ഉടനെ കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു’–- പ്രതി വിവരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top