08 October Tuesday

"ഹൃദ്യ'ത്തോടെ 
1721 കുഞ്ഞുപുഞ്ചിരികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
മഞ്ചേരി
ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ ‘ഹൃദ്യ'ത്തിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് കടന്നത് 1721  കുരുന്നുകൾ. ശസ്‌ത്രക്രിയ നടത്താതെതന്നെ ഹൃദയത്തിലെ ദ്വാരം ചികിത്സയിലൂടെ ഭേദമായ 499 പേർ ഉൾപ്പെടെയാണിത്‌. 18വരെയുള്ള കുട്ടികൾക്ക്‌  ‘ഹൃദ്യ’ത്തിൽ സൗജന്യ ചികിത്സയാണ്‌.  അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും തുടർപരിശോധനമാത്രം ആവശ്യമുള്ള കുട്ടികളും ഉൾപ്പെടെ ജില്ലയിൽ 3179 കുട്ടികളാണ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർചെയ്തത്. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി സംഭവിക്കാവുന്ന കുട്ടികളെയാണ് പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയരാക്കുക. ടോട്ടൽ അനോമലസ് പൾമണറി വെനസ് കണക്ഷൻ (ടിഎപിവിസി) എന്ന ഹൃദ്രോഗമുള്ള മലപ്പുറത്തെ കുഞ്ഞിനാണ് പദ്ധതിവഴി ആദ്യം ശസ്ത്രക്രിയ നടത്തിയത്. 1.80 ലക്ഷം രൂപ ചെലവായി.  നിലവിൽ എട്ടുവയസ്സുവരെയുള്ള കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയാണ് ചെലവ്. രോഗം നിർണയിച്ചുകഴിഞ്ഞാൽ രക്ഷിതാക്കൾ  hridyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം. രജിസ്റ്റർചെയ്താൽ ഹൃദ്യം പദ്ധതിയുടെ ജില്ലാ മാനേജർക്ക് സന്ദേശമെത്തും. വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കും. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കാനാകും. സർക്കാർ എംപാനൽ ചെയ്‌ത ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവ. മെഡിക്കൽ കോളേജ്, കൊച്ചി അമൃത ആശുപത്രി, ആംസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ നൽകുന്നത്.
തിരൂരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഡിസ്‌ട്രിക്ട്‌  ഏർളി ഇന്റർവെൻഷൻ സെന്ററിലും രജിസ്‌ട്രേഷൻ നടത്താം. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) നഴ്‌സുമാർവഴിയാണ്‌ കുട്ടികളുടെ തുടർപരിശോധന. ഫോൺ: 0494 2460151.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top