22 December Sunday

വർഗീയ അജന്‍ഡ 
പുറത്തായി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

മലപ്പുറം

സിപിഐ എം ജില്ലാ സെക്രട്ടറിയെ ആർഎസ്‌എസ്സുകാരനായി ചിത്രീകരിച്ചതിലൂടെ പി വി അൻവർ എംഎൽഎയുടെ വർഗീയ അജന്‍ഡയാണ്‌ വെളിപ്പെട്ടതെന്ന്‌ പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. മതനിരപേക്ഷ നിലപാടിലൂന്നി പ്രവർത്തിക്കുന്ന കറകളഞ്ഞ കമ്യൂണിസ്‌റ്റ്‌ നേതാവിനെ വർഗീയവാദിയായി ചിത്രീകരിക്കുന്നത്‌ മതമൗലികവാദികളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന അടവാണ്‌. 
വിദ്യാർഥികാലംമുതൽ കമ്യൂണിസ്‌റ്റ്‌ ആശയാദർശങ്ങൾ മുറുകെപ്പിടിക്കുന്ന നേതാവിന്‌  അൻവറിന്റെ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല. രാഷ്‌ട്രീയാരോപണങ്ങൾക്ക്‌ മറുപടി പറയുന്നതിനുപകരം വർഗീയ കാർഡിറക്കുന്നത്‌ അംഗീകരിക്കാനാവില്ല.  
പാർടി ഇസ്ലാംമത വിശ്വാസത്തിനെതിരാണെന്ന്‌ വരുത്താനുള്ള പ്രചാരണം അങ്ങേയറ്റം ദുരുപധിഷ്‌ഠിതമാണ്‌. മുസ്ലിംലീഗും മതമൗലികവാദ സംഘടനകളും നൂറ്റാണ്ടുകളായി ഉന്നയിക്കുന്ന ആക്ഷേപമാണ്‌ അൻവർ ആവർത്തിച്ചത്‌. ലക്ഷക്കണക്കിന്‌ ഇസ്ലാംമത വിശ്വാസികൾ അംഗങ്ങളായ പാർടിയാണ്‌  സിപിഐ എം.  
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ എംഎൽഎ ഫണ്ട്‌ തടഞ്ഞെന്ന നുണ മലയോര മേഖലയിലെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെ പാർടിക്ക്‌ എതിരാക്കാനുള്ള കുബുദ്ധിയാണ്‌.  ഇടതുപക്ഷ സർക്കാരുകൾ കോടികളുടെ വികസന പ്രവർത്തനമാണ്‌ മലയോരത്തിന്‌ സമ്മാനിച്ചത്‌. അതെല്ലാം തന്റെ നേട്ടമായി ചിത്രീകരിച്ച്‌ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുകയാണ്‌ എംഎൽഎ. നുണക്ക്‌ എരിവുപകരാൻ ജില്ലാ സെക്രട്ടറിയറ്റ്‌ യോഗത്തിന്റെ ഇല്ലാക്കഥയും അൻവർ മെനയുന്നുണ്ട്‌.  
പൊതുപ്രവർത്തകൻ വാക്കിലും പ്രവൃത്തിയിലും പാലിക്കേണ്ട മര്യാദ കൈവിട്ട അദ്ദേഹം മനോനില തെറ്റിയതുപ്പോലെയാണ്‌ പെരുമാറുന്നത്‌. ഇടതുപക്ഷത്തുനിന്ന് പുറത്തുപോയതോടെ ഭാഷയും സംസ്‌കാരവും ഫ്യൂഡൽ മാടമ്പിയുടേതിന്‌ സമാനമായതിൽ അതിശയപ്പെടാനില്ല. മതമൗലികവാദികളുടെ കൈയടി നേടാൻ സിപിഐ എം നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ചാൽ പാർടി ഉചിതമായ മറുപടി നൽകുമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top