29 December Sunday

കേരളത്തിന്റെ കരുതൽ; 
മൃണാളിനി ജീവിതത്തിലേക്ക് മടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Dec 29, 2024

മഹാരാഷ്ട്ര സ്വദേശിനി മൃണാളിനി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ 
ഡോക്ടർക്കും ജീവനക്കാർക്കുമൊപ്പം

കുറ്റിപ്പുറം
മലയാളമണ്ണിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിൽ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥിനിക്ക്‌ തിരികെ ലഭിച്ചത്‌ നഷ്‌ടപ്പെട്ടെന്ന്‌ കരുതിയ ജീവിതം. തവനൂര്‍ കാര്‍ഷിക കോളേജിലെ പിഎച്ച്ഡി വിദ്യാര്‍ഥി മൃണാളിനി (24)യാണ്‌ സെപ്റ്റിക് ഷോക്ക്  എന്ന അതീവ ഗുരുതരാവസ്ഥയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയുടെ കരുതലിൽ മറികടന്നത്‌. ശരീരത്തിൽനിന്ന് ജലാംശം അമിതമായി നഷ്ടപ്പെട്ട് വൃക്കകളും കരളും തകരാറിലാകുകയും രക്തത്തില്‍ അണുബാധയേറ്റ്‌ ഷോക്കിലേക്ക് പോകുകയും ചെയ്ത അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 19നാണ്‌ മൃണാളിനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ബന്ധുക്കളെത്തി വിദഗ്‌ധ ചികിത്സയ്‌ക്ക്‌ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകാൻ തയ്യാറായെങ്കിലും നില മെച്ചപ്പെട്ടശേഷമാകാമെന്ന്‌ ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ ആര്‍ സജി നിർദേശിച്ചു. തുടർന്ന്‌ മെഡിക്കൽ സംഘം തീവ്രപരിചരണം നൽകി മൃണാളിനിയെ ജീവിതത്തിലേക്ക്‌ കൈപിടിക്കുകയായിരുന്നു. ഒരാഴ്‌ചത്തെ ചികിത്സയിൽ മൃണാളിനി സാധാരണ നിലയിലേക്കെത്തി. ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചാണ്‌ മൃണാളിനി വ്യാഴാഴ്‌ച ബന്ധുക്കൾക്കൊപ്പം മഹാരാഷ്‌ട്രയിലേക്ക്‌ മടങ്ങിയത്‌. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സ പൂർണമായും സൗജന്യമായാണ്‌ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒരുക്കിയത്‌. ഫിസിഷ്യന്‍ ഡോ. കെ എം ഷമീല്‍, സുഹൈല്‍, ഹെഡ് നഴ്‌സ് രജിത, നഴ്‌സിങ്‌ ഓഫീസര്‍മാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോള്‍, നഴ്‌സിങ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായി. വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top