08 September Sunday

വീണ്ടും കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

പുത്തൂരിൽ തെങ്ങ്‌ വീണ് തകര്‍ന്ന വീട്

മലപ്പുറം
ജില്ലയിൽ വീണ്ടും മഴ ശക്തമായി. തിങ്കളാഴ്ച യെല്ലോ അലർട്ടായിരുന്നെങ്കിലും ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഉച്ചയോടെ ഓറഞ്ചാക്കി പുതുക്കി. മലയോരത്തും തീരദേശത്തും കനത്ത മഴപെയ്തു. അതിർത്തി ജില്ലകളിലും മഴ കനത്തതോടെ ചാലിയാർ പുഴയിൽ ജലനിരപ്പുയർന്നു. മലയോര മേഖലയിൽ ജാ​ഗ്രതാ നിർദേശവുമുണ്ട്. നിലമ്പൂർ അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ചപെയ്ത ശക്തമായ മഴയില്‍ മരം വീണ് മഞ്ചേരി വള്ളിക്കാപ്പറ്റ പൂങ്കളപ്പടിയിലെ സുധാകരന്റെ പള്ളിയാലിലെ വീട് ഭാഗികമായി തകർന്നു. കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ചൊവ്വാഴ്ച ജില്ലയിൽ യെലോ അലർട്ടാണ്.
 
ജാ​ഗ്രതയില്‍ മലയോരം
എടക്കര
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ നാടുകാണി ചുരത്തിൽ മലയിടിച്ചിൽ സാധ്യതാമുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച അതീതീവ്ര മഴ രാത്രിയും തുടരുകയാണ്. 
നാടുകാണി ചുരംവഴി പോകുന്നവര്‍ക്ക് ജാഗ്രതാനിർദേശം നൽകി. ചാലിയാർ, പുന്നപ്പുഴ, കരിമ്പുഴ, കാരക്കോടൻ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പുഴയോരത്തുള്ള കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നിലമ്പൂർ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ് ഓഫീസുകളിൽ ജീവനക്കാരെയും സജ്ജമാക്കി. 
ഫയർ ഫോഴ്സ് നാല് റബർ ഡിങ്കി ബോട്ടുകള്‍ ഒരുക്കി. പൊലീസ്, വനം വകുപ്പുകളും രംഗത്തുണ്ട്.
ചാലിയാറിനക്കരെ മുണ്ടേരി വനത്തിലെ ആദിവാസി കുടുംബങ്ങൾ പുഴയിൽ വെള്ളംകയറി ഒറ്റപ്പെടുന്ന നിലയിലാണ്. ഇവരെ മറുകരയിൽ എത്തിക്കേണ്ട സാഹചര്യംവന്നാൽ സ്വീകരിക്കേണ്ട മാർഗങ്ങള്‍ വിലയിരുത്തി. രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങളും ശേഖരിച്ചു.
 
ദേശീയപാത സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞു
കുറ്റിപ്പുറം
ശക്തമായ മഴയിൽ ദേശീയപാതയുടെ സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞു. കുറ്റിപ്പുറം -വളാഞ്ചേരി റൂട്ടിൽ പാണ്ടികശാലക്ക് സമീപം തിങ്കൾ വൈകിട്ട് 5.30നാണ് സംഭവം. 
പാത നവീകരണം നടക്കുന്നതിനാൽ ഇതിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. മണ്ണിടിഞ്ഞ സമയത്ത് വാഹനങ്ങൾ ഇല്ലാത്തത് ദുരന്തം ഒഴിവാക്കി. 
മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതോടെ കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ  തിരിച്ചുവിടുകയും നിർമാണ കമ്പനി തടസ്സംനീക്കുന്നുമുണ്ട്. ഇവിടെ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുകയാണ്. 
 
ചാലിയാറിൽ മലവെള്ളപ്പാച്ചിൽ
എടക്കര
വയനാട് മേപ്പാടി ചൂരൽമലയിൽ ഉരുൾപൊട്ടി ചാലിയാർ പുഴയിൽ മലവെള്ളപ്പാച്ചിൽ. തിങ്കൾ രാവിലെയാണ് മണ്ണും മരങ്ങളും ചെളിയും ഒഴുകിയെത്തിയത്. 
വയനാട് അതിർത്തി വനത്തിലൂടെയാണ് ചാലിയാർ ഒഴുകുന്നത്. മേപ്പാടി, വെള്ളരിമല, മുണ്ടക്കൈ ഭാഗങ്ങളിൽ തിങ്കൾ പുലർച്ചെ ഒന്നുമുതൽ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈ പുഞ്ചിരിവട്ടത്ത് മണ്ണിടിച്ചിലിനെ തുടർന്ന് മലവെള്ളം പോത്തുകല്ല് പഞ്ചായത്തിലെ ചാലിയാർ പുഴയിലെത്തി. 
തീരത്തെ ആളുകൾ ജാഗ്രതപാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അപകടസൂചനയുണ്ടായാൽ പഞ്ചായത്തിലോ വില്ലേജ് ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കാൻ ജാഗ്രത നിർദേശവും നൽകി. പോത്തുകല്ല് പനങ്കയം പാലത്തിന്റെ തൂണിൽ ജലനിരപ്പ് അറിയാൻ അടയാളപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ വൈകിട്ട് 2.53 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. മഴ തുടരുന്നതിനാൽ ഇനിയും ഉയരും.
 
പുന്നപ്പുഴ നിറഞ്ഞു; 
മുപ്പിനി പാലം വെള്ളത്തിനടിയിലായി
എടക്കര
കനത്ത മഴയില്‍ പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര–മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുപ്പിനി പാലം വെള്ളത്തിനടിയിലായി. തിങ്കളാഴ്‌ച പുലർച്ചെമുതലുള്ള മയഴെ തുടർന്ന് ഉച്ചയോടെയാണ് പാലത്തിന് മുകളിൽ വെള്ളം കയറിയത്. ഉടൻ ഗതാഗതം നിരോധിച്ച് വാഹനങ്ങൾ  തിരിച്ചുവിട്ടു. പാലത്തിന്റെ കൈവരി മരങ്ങൾ വന്നടിഞ്ഞ് തകർന്നു. പ്രദേശത്ത് അതിതീവ്ര മഴ തുടരുകയാണ്. നീലഗിരി ജില്ലയിൽ മഴ കനത്താൽ പുന്നപ്പുഴയിൽ ജലനിരപ്പ് ഉയരും. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും യാത്രക്കാര്‍ക്ക് ജാഗ്രതാനിർദേശം നല്‍കി. മുപ്പിനി പുഴയോരത്തുള്ള കുടുംബങ്ങൾ ജാഗ്രതപാലിക്കണമെന്നും അധികൃതർ അറിയിച്ചു. പുഴയരികിലെ കൃഷിയിടത്തിലും വെള്ളംകയറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top