മഞ്ചേരി
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മാരകമായിരുന്ന മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കിയാണ് 2014ൽ യുഡിഎഫ് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി മാറ്റിയായിരുന്നു അത്. 2013വരെ ഒരു ആശുപത്രിയെയും 'ഉയർത്തി' മെഡിക്കൽ കോളേജാക്കിയ ചരിത്രമില്ല. മഞ്ചേരിക്കൊപ്പം മെഡിക്കൽ കോളേജാക്കി ഉയർത്തിയ പത്തനംതിട്ട ജനറൽ ആശുപത്രിയും പാലക്കാട് ജില്ലാ ആശുപത്രിയും നിലനിർത്തിയിരുന്നു. എന്നാൽ ജില്ലയിൽ സ്ഥിതിമാറി.
തിരിച്ചടിയായത്
ലീഗ് പിടിവാശി
രണ്ടിടത്തും ആദ്യഘട്ടം 50 ഏക്കർ ഭൂമിവീതം വിലയ്ക്കുവാങ്ങി വിപുലമായ മറ്റൊരിടത്താണ് കോളേജിനായി കെട്ടിടങ്ങൾ പണിതത്. ഇതേ മാതൃക മഞ്ചേരിയിലും നടപ്പാക്കാമായിരുന്നിട്ടും ലീഗ് നേതൃത്വം തടസ്സംനിന്നു. ഇതോടെ ജില്ലയിൽ ജനറൽ, -മാതൃശിശു ആശുപത്രികൾ ഇല്ലാതായി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മെഡിക്കൽ കോളേജ് സ്ഥാപിച്ചുവെന്ന് വരുത്തിത്തീർത്ത് ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടുകയായിരുന്നു ലീഗിന്റെ ലക്ഷ്യം. ഇത് ആരോഗ്യ മേഖയിൽ ജില്ലക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്.
രണ്ട് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം (ബെഡ് കപ്പാസിറ്റി- 650) മെഡിക്കൽ കോളേജിനേക്കാൾ വരും. കിടക്കകൾ കുറച്ചിട്ട് മെഡിക്കൽ കോളേജ് വരുന്നത് പ്രയോജനമില്ലെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെട്ടു. സർക്കാർ ഡോക്ടർമാരും എതിർപ്പുയർത്തി. ഒന്നുകിൽ മെഡിക്കൽ കോളേജ് മറ്റെവിടെയെങ്കിലും സ്ഥാപിക്കുക അല്ലെങ്കിൽ പുതിയ ജനറൽ ആശുപത്രി പണിയുക. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ യുഡിഎഫ് മെഡിക്കൽ കോളേജ് തുടങ്ങിയെന്ന പേരുമാത്രം ലക്ഷ്യമിട്ട് എടുപിടീന്ന് പ്രഖ്യാപനം നടത്തി.
അന്ന് പേരിനൊരു മെഡിക്കൽ കോളേജ്
മെഡിക്കൽ കോളേജാകാനുള്ള സൗകര്യങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതോടെ കോഴ്‌സിന്റെയും ആശുപത്രിയുടെയും അംഗീകാരം നിലനിർത്താൻ പല തരികിടകളും സർക്കാരിന് നടത്തേണ്ടിവന്നു. 600ൽപരം തസ്തികകൾ നികത്താനായിരുന്നില്ല. മെഡിക്കൽ കൗൺസിൽ പരിശോധനക്ക് എത്തിയപ്പോൾ പുറത്തുനിന്ന് ഡോക്ടർമാരെ കൊണ്ടുവന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാരായി തെറ്റിദ്ധരിപ്പിച്ചു. സൗകര്യങ്ങളില്ലെങ്കിലും ഹോസ്റ്റൽ എന്നും ഓപറേഷൻ തിയറ്ററെന്നും ബോർഡ് പലയിടങ്ങളിലായി സ്ഥാപിച്ചു. തരികിടകൾ പിടിക്കപ്പെട്ടതോടെ എംസിഐയുടെ കാലുപിടിച്ച് സൗകര്യ വികസനത്തിന് സാവകാശം നീട്ടിവാങ്ങി. എന്നിട്ടും ഒന്നുംനടന്നില്ല. പുതിയ ബാച്ചിന് പ്രവേശനം അനുവദിക്കില്ലെന് എംസിഐ കട്ടായം പറഞ്ഞു.
ജീവശ്വാസമായത്
എൽഡിഎഫ്
എൽഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് മാസംകൊണ്ട് മെഡിക്കൽ കോളേജിൽ പരമാവധി സൗകര്യങ്ങളൊരുക്കി. അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ ആവിഷ്‌ക്കരിച്ചു. ആദ്യവർഷംതന്നെ എൽഡിഎഫ് സർക്കാർ 250 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകി. ഇതിന്റെ വിവരങ്ങൾ സർക്കാർ എംസിഐയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് അംഗീകാരം പുനഃസ്ഥാപിക്കാനായത്. അക്കാദമി, ചികിത്സാ സംവിധാനങ്ങൾ സുസജ്ജമാക്കി. ആധുനിക ചികിത്സാ യന്ത്രങ്ങൾ, ലൈബ്രറികൾ, ലാബുകൾ, ഭരണവിഭാഗം, കെട്ടിടസമുച്ചയങ്ങൾ തുടങ്ങി വിപുലമായി സൗകര്യങ്ങൾ ഒരുക്കി. എംബിബിഎസ് സീറ്റുകൾ 100ൽനിന്ന് 110 ആക്കി ഉയർത്തി. പിജി കോഴ്‌സുകൾ തുടങ്ങി. പുതിയ നഴ്‌സിങ് കോളേജും യാഥാർഥ്യമാക്കി. ഹോസ്റ്റൽ, റസിഡൻസ് ക്വാര്‍ട്ടേഴ്‌സുകൾ ഉൾപ്പെടെ കെട്ടിടസമുച്ചയങ്ങൾ ഒരുങ്ങി. മോർച്ചറി കോപ്ലക്‌സ്, മലിനജല സംസ്‌കരണ സംവിധാനങ്ങൾ, കാത്ത്‌ലാബ് ഐസിയു കോപ്ലക്സ് ഉൾപ്പെടെയുള്ളവ യാഥാർഥ്യമാക്കി.
വൈറോളജി ലാബും ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണവും തുടങ്ങി. ഒപി ബ്ലോക്ക്, റേഡിയോളജി ബ്ലോക്ക്, സ്റ്റോർ കോപ്ലക്‌സ് ഉൾപ്പെടെയുള്ള 21 കോടിയുടെ ബൃഹത്പദ്ധതികൾക്ക് അനുമതി നൽകി. ഇതെല്ലാം മറച്ചുവച്ചാണ് ലീഗും യുഡിഎഫും കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..