30 October Wednesday

ഇത്‌ ഞങ്ങളുടെ കാഴ്‌ചകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കനസ് ജാഗയിൽ ജില്ലയിൽനിന്ന് പങ്കെടുത്തവർ

മലപ്പുറം
സ്‌ക്രീനിൽ കുട്ടികളുടെ ചിന്തകളും അനുഭവവും നോവും മിന്നിമറഞ്ഞു. നാടും വീടും പ്രതീക്ഷകളും പ്രളയവും പ്രണയവും കളിപ്പാട്ടങ്ങളും കഥ പറഞ്ഞു. നേരിന്റെ കാഴ്‌ചകളുമായി കുടുംബശ്രീ "കനസ് ജാഗ'ചലച്ചിത്രോത്സവത്തിൽ ജില്ലയിലെ 11 കുട്ടികളുടെ സിനിമകളും മാറ്റുരച്ചു. വിഷ്ണുമായ (ഗുഡിമനെ), -ഷിബില (ചില്ലുജാലകം), വീണ (കീശ), ബബിത (പ്രളയം), സഞ്ജിഷ (കിക്ക്), സജീഷ്‌ കൃഷ്ണ (ലഹരി), പ്രസീത (ലഞ്ച് ബോക്സ്‌),- യദുകൃഷ്ണ (വെള്ളം), നന്ദു (നിയമം), വിനോജ്‌ (കളിപ്പാട്ടം), സൗപർണിക (പാലം) എന്നിവർ സംവിധാനംചെയ്‌ത ഹ്രസ്വ ചിത്രങ്ങളാണ്‌ പ്രദർശിപ്പിച്ചത്‌. ഗോത്രമേഖലകളിലെ കുട്ടികൾക്കുമാത്രമായാണ്‌ കുടുംബശ്രീ ഹ്രസ്വ ചലച്ചിത്രോത്സവം നടത്തിയത്‌.
ലഹരിക്കടിമപ്പെട്ടുപോകുന്ന കൗമാര കാലഘട്ടത്തെ പ്രമേയമാക്കി നിലമ്പൂർ ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിന്റെ നേതൃത്വത്തിൽ സഞ്ജിഷ ശ്രീധരൻ സംവിധാനംചെയ്ത കിക്ക് ജനപ്രീതി നേടിയ മികച്ച ആദ്യ പത്ത് സിനിമകളിൽ ഇടംനേടി. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കാമുകിയുടെ പ്രണയകാവ്യത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ച ഇ ബബിത സംവിധാനംചെയ്ത പ്രളയം, പിറക്കാൻ പോകുന്ന കുഞ്ഞിന്‌ കളിപ്പാട്ടം നേരത്തെ കാത്തുവയ്ക്കുന്ന വി വിനോജ് സംവിധാനംചെയ്ത കളിപ്പാട്ടം, തദ്ദേശീയ മേഖലകളിൽ അടിസ്ഥാന സൗകര്യ അഭാവത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അനഘയുടെ കഥ പറയുന്ന സൗപർണ്ണിക സംവിധാനംചെയ്ത പാലം എന്നിവ പ്രത്യേക പരാമർശം നേടി. 
 സെമിനാറിൽ  വിനോദ് സി മാഞ്ചീരി, കരുളായി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ മിനി സുജേഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ ഇരുപതോളം കലാകാരന്മാർ അവതരിപ്പിച്ച പണിയ നൃത്തവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top