എടക്കര
പ്രതിസന്ധിഘട്ടങ്ങളിൽ എംപിയെകണ്ട ഓർമ നിലമ്പൂരിനില്ല. വല്ലപ്പോഴും എത്തുന്ന വിരുന്നുകാരൻമാത്രമായിരുന്നു രാഹുൽ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശമാണ് നിലമ്പൂർ. എന്നാൽ ആ പരിഗണന എംപിയിൽനിന്നുണ്ടായില്ല. നിലമ്പൂർ മണ്ഡലത്തിന് മതിയായ ഫണ്ട് നൽകിയില്ല. 2019 ആഗസ്തിലെ പ്രളയത്തിൽ നാശം നേരിട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റിയെയും പാടെ അവഗണിച്ചു. പ്രളയത്തിൽ ഏറ്റവും കൂടുതൽ റോഡുകൾ തകർന്ന മണ്ഡലമാണ് നിലമ്പൂർ. എന്നിട്ടും അഞ്ചുവർഷത്തിൽ എംപി ഫണ്ടിൽനിന്ന് നിലമ്പൂരിൽ ഒരു റോഡുപോലും നിർമിച്ചില്ല.
ജില്ലാ ആശുപത്രിയിൽ ഉപകരണങ്ങൾ, രണ്ട് സ്കൂൾ ബസ്, പോത്തുകല്ല് സ്‌കൂളിന് സ്റ്റേജ്, ചുങ്കത്തറയിൽ കുടിവെള്ള പദ്ധതി, കരുളായിക്ക് ആംബുലൻസ് എന്നിവമാത്രമാണ് അഞ്ച് വർഷം എംപി ഫണ്ടിൽ അനുവദിച്ചത്. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം മൊബൈൽ ഡിസ്പെൻസറിക്ക് വാഹനം പ്രഖ്യാപിച്ചെങ്കിലും ലഭിച്ചിട്ടില്ല. എംപിയുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓഫീസോ നേതാക്കളോ മണ്ഡലത്തിലില്ല. ജില്ലാ പ്ലാനിങ് ഓഫീസിൽനിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ 57 പദ്ധതികളാണ് രാഹുൽ ഗാന്ധി എംപി ഫണ്ടിൽ അനുവദിച്ചത്. ഇതിൽ ഏഴ് പദ്ധതികൾക്ക് ഭരണാനുമതിപോലും ലഭിച്ചിട്ടില്ല. നിലമ്പൂർ മണ്ഡലത്തിൽ ആറ് ചെറിയ പദ്ധതികൾമാത്രമാണ് അഞ്ച് വർഷം അനുവദിച്ചത്. എടക്കര, അമരമ്പലം പഞ്ചായത്തിനും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും അഞ്ച് വർഷം ഒരു പദ്ധതിയും അനുവദിച്ചിട്ടില്ല. കവളപ്പാറ ദുരന്തത്തിൽ 59 പേർ മരിച്ചിട്ടും പുനരധിവാസത്തിന് എംപി ഫണ്ടിൽനിന്നും ഒരുരൂപ അനുവദിച്ചില്ല. പോത്തുകല്ല് പാതാർ ഉരുൾപ്പൊട്ടലിലും വൻ നാശമാണുണ്ടായത്. പാതാർ ഗ്രാമംതന്നെ ഉരുൾപ്പൊട്ടലിൽ തകർന്നു. പുനർനിർമാണത്തിന് എംപി ഫണ്ടിൽ ഒരു തുകയും അനുവദിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..