02 December Monday

ബാലികാ പീഡനം: രണ്ടാനച്ഛന് 
141 വര്‍ഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024
 
മഞ്ചേരി
പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവും 7.85 ലക്ഷം രൂപ പിഴയും വിധിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്‌ജി  എ എം അഷ്‌റഫ് ശിക്ഷിച്ചത്. ബലാത്സംഗത്തിന് വിവിധ വകുപ്പുകളിലായി 40 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപവീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പുകളിലും മൂന്നുമാസംവീതം അധികതടവും വിധിച്ചു. പോക്‌സോ വകുപ്പിലെ മൂന്ന് ഉപവകുപ്പുകൾ പ്രകാരം അഞ്ചുവര്‍ഷംവീതം കഠിന തടവ്, 25,000 രൂപവീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസംവീതം അധിക തടവ്‌ അനുഭവിക്കണം. കുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന്‌ മൂന്നുവര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
 2017മുതല്‍ 2020 നവംബര്‍വരെ കാലയളവിലാണ്‌ കുട്ടി പീഡനത്തിനിരയായത്‌. പ്രതി പിഴയടയ്ക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന്‌ അതിജീവിതക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന്‌ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. മലപ്പുറം വനിതാ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി വി സിന്ധു, എസ്‌സിപിഒ ദീപ എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top