കൊല്ലം > പിടിച്ചുപറിക്കേസിൽ സംഘപരിവാർ സംഘടന ദുർഗാവാഹിനി സംസ്ഥാന കോ–-ഓർഡിനേറ്റർ രോഷ്‌നി ലതീബിന്റെ മകൻ റിതുലാലിന് രണ്ടാം തവണയും കൊല്ലം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം കടയ്‌ക്കൽ മാങ്കോട് എരപ്പേൽ വീട്ടിൽ ഭരത്‌ചന്ദ്രനെ റിതുലാലും കൂട്ടരും ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാണ് കേസ്.
വർക്കല ഇടവ മാന്തറ മാന്തറവിളയിൽ ഷാലൻ, ഇടവ പാറയിൽ നജീമാ മൻസിലിൽ ദിൽഷാദ്, തലശേരി പന്തക്കപ്പാറ എരുവാട്ടി ഷംസിനാ മൻസിലിൽ ദിൽഷാദ്, തലശേരി എരഞ്ഞോളി ചുങ്കം കാരായി ഹൗസിൽ അശ്വിൻ എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ കൊട്ടാരക്കര ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഒരാൾ ഒളിവിലാണ്. വീട്ടിലേക്ക് വരുംവഴി കാർ തടഞ്ഞ് പണം കവർന്നെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നുമുള്ള ഭരത്‌ചന്ദ്രന്റെ പരാതിയിലാണ് കേസ്. 2022 എപ്രിൽ 28നാണ് സംഭവം.
ആർഎസ്‌എസ് പ്രവർത്തകനും മാഹി ജനശബ്‌ദം മുൻഭാരവാഹിയുമായ ടി എ ലതീബിന്റെ മകനായ റിതുലാലും എസ്‌ഡിപിഐ ബന്ധമുള്ള ഇടവസ്വദേശികളായ മറ്റ് പ്രതികളുമായുള്ള ഇടപാടും ദുരൂഹമാണ്. ബോംബേറ്, ക്വട്ടേഷൻ കേസുകളിലും പ്രതിയായ റിതുലാലിന് ഹവാല ബന്ധമുള്ളതായും സൂചനയുണ്ട്. ഭരത്‌ചന്ദ്രന്റെ വിദേശത്തുള്ള സുഹൃത്തുക്കളും പ്രതികളുമായി നിരവധി ഹവാല ഇടപാടുകൾ നടന്നതായാണ് വിവരം. സംഭവത്തിൽ സമഗ്ര അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..